ന്യൂദല്‍ഹി: മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ഹാജാരാകണമെന്നാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ദേശം.
സംഘര്‍ഷത്തെതുടര്‍ന്ന് മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കോടതി പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്ത എഫ്ഐ ആറുകളില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍ വ്യക്തതയില്ല. കേസുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതില്‍ 11 കേസുകള്‍ സ്ത്രീകള്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളാണെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നല്കിയ കണക്കുകള്‍ അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന ഏഴിന് നേരിട്ട് ഹാജരാകാന്‍ ഡിജിപിയോട് നിര്‍ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എല്ലാ എഫ്ഐആറുകളും സിബിഐക്ക് കൈമാറുന്നത് അസാധ്യമാണെന്നും ബെഞ്ച് പറഞ്ഞു. നിലവില്‍ 11 ലൈംഗികാതിക്രമക്കേസുകള്‍ സിബിഐക്ക് വിടാനാണ് ഇപ്പോഴത്തെ നിര്‍ദേശമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അതിനാല്‍ ഈ 6500 എഫ്ഐആറുകള്‍ വിഭജിക്കാന്‍ സംവിധാനം ആവശ്യമാണെന്നും ഇത്രയും കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സാധാരണ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന തീയതി, സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ തീയതി, 164 മൊഴികള്‍ രേഖപ്പെടുത്തിയ തീയതി, അറസ്റ്റ് ചെയ്ത തീയതി എന്നിവ വിശദമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യുവതികളെ നഗ്നരാക്കി നടത്തി വീഡിയോ ചിത്രീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അതിജീവിതകളുടെ അഭിഭാഷകര്‍ ഉന്നയിച്ചെങ്കിലും ഈ ആവശ്യത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത് സംബന്ധിച്ച് വാദം കേള്‍ക്കലിനുശേഷം തീരുമാനം എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: