തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളില്‍ കുടിവെള്ള കണക്ഷന്‍ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളില്‍ പകുതിയിലും, ജലജീവന്‍ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടം കരസ്ഥമാക്കിയത്.
കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ‘ഹര്‍ ഘര്‍ ജല്‍’ പദവിയും നേടിയിട്ടുണ്ട്. മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് 50 ശതമാനം കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയ, പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം ഏറെ പ്രശംസാര്‍ഹമാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവൃത്തികള്‍ തീര്‍ക്കേണ്ടതുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സ്ഥലലഭ്യതക്കുറവ്, വിവിധ ഏജന്‍സികളില്‍നിന്ന് അനുമതികള്‍ ലഭിക്കാനുള്ള കാലതാമസം, സമഗ്ര പദ്ധതികള്‍ക്ക് സ്വാഭാവികമായി വേണ്ടിവരുന്ന നീണ്ട പൂര്‍ത്തീകരണ കാലയളവ് എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ പദ്ധതിക്കുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് കേരളത്തിലെ പകുതി വീടുകള്‍ക്കും ടാപ്പ് കണക്ഷന്‍ ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മുന്‍ഗണനാ പദ്ധതികളിലുള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തിയ പദ്ധതി അവലോകനങ്ങള്‍ നിര്‍വഹണത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും ഗതിവേഗം കൈവരുത്തുന്നതിലും നിര്‍ണായകമായിരുന്നു. ജലജീവന്‍ മിഷന്‍ പൂര്‍ത്തിയാകുന്ന 2024ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ ഇനിയും 35 ലക്ഷത്തോളം കണക്ഷന്‍ നല്‍കേണ്ടതുണ്ടെങ്കിലും, ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 17.49 ലക്ഷം കണക്ഷന്‍(ആകെ വീടുകളുടെ 24.76 %) എന്നതില്‍നിന്ന് മൂന്നു വര്‍ഷമാകുംമുന്‍പ് കണക്ഷനുകളുടെ എണ്ണം 35.42 ലക്ഷത്തിലും 50 ശതമാനത്തിലുമെത്തിക്കാന്‍ കഴിഞ്ഞുവെന്നത് സംസ്ഥാനത്തിന് മികച്ച നേട്ടമായി.
കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് പ്രതിദിനം 55 ലിറ്റര്‍ വെള്ളമാണു നല്‍കേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഒരാള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ എന്നു കണക്കാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി ആരംഭിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ജലവിതരണ പദ്ധതികളില്‍നിന്നെല്ലാം പൂര്‍ണശേഷിയില്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു.
ബാക്കി നല്‍കാനുള്ള കണക്ഷനുകള്‍ക്ക് ജല ശുദ്ധീകരണശാലയുള്‍പ്പെടെ സമഗ്രവും സുസ്ഥിരവുമായ ശുദ്ധജലവിതരണ പദ്ധതികള്‍ പുതുതായി നിര്‍മിച്ചുകൊണ്ടാണ് കണക്ഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള, 40മുതല്‍ 50 വര്‍ഷം വരെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിയുന്ന സുസ്ഥിരസമഗ്ര കുടിവെള്ള പദ്ധതികള്‍ വഴിയാണ് സംസ്ഥാനത്ത് പദ്ധതിപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.
സ്ഥലലഭ്യത, മറ്റ് അനുമതികള്‍ എന്നിവ നേടിക്കഴിഞ്ഞ് 1218 മാസമാണ് ഓരോ പദ്ധതിക്കും വേണ്ട കുറഞ്ഞ നിര്‍മാണ കാലാവധി. അതിനാലാണ് ഇനി നല്‍കാനുള്ള കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത്. പെട്ടെന്ന് പൂര്‍ത്തിയാക്കാമായിരുന്ന, പരമാവധി പത്തുവര്‍ഷം മാത്രം ആയുസ്സുള്ള കുഴല്‍ക്കിണറുകള്‍ അടിസ്ഥാനമാക്കിയുള്ള ചെറുകിട പദ്ധതികള്‍, ദീര്‍ഘകാലനേട്ടം ഉറപ്പാക്കണമെന്ന നിലപാടില്‍ സംസ്ഥാനം ഒഴിവാക്കുകയായിരുന്നു.
കണക്ഷന്‍ ലഭിക്കുന്ന വേഗം താരതമ്യേന കുറവാണെങ്കിലും ജലജീവന്‍ മിഷന്‍ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട, ഗുണനിലവാരവുമുള്ള കുടിവെള്ളം തുടര്‍ച്ചയായി ലഭ്യമാക്കാന്‍ ഇതു വഴി സാധ്യമാകും. ജലജീവന്‍ മിഷന്‍ വഴി നല്‍കേണ്ട 53.34 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ക്കായി 40203.61 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതുവരെ 7737.08 കോടി രൂപയാണ് പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളത്. കേന്ദ്രസംസ്ഥാന പദ്ധതി വിഹിതം 50:50 എന്ന അനുപാതത്തിലാണ്.
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗനവാടികളിലും നിലവില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ജലഗുണനിലവാരപരിശോധനാ പ്രവര്‍ത്തനങ്ങളും പദ്ധതി സഹായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സംസ്ഥാനത്താകെ, കേരള വാട്ടര്‍ അതോറിറ്റിയുടെ 83 ജലഗുണനിലവാര പരിശോധനാ ലാബുകള്‍ ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയായ എന്‍എബിഎല്‍ന്റെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ഗാര്‍ഹിക കുടിവെള്ള പരിശോധനാ നിരക്കുകളില്‍ ഈയിടെ കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്.
അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധിക്കുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും വിവരവിദ്യാഭ്യാസവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്താനും പഞ്ചായത്തുകളെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും വിവിധ എന്‍ജിഒകളെ നിര്‍വഹണ സഹായ ഏജന്‍സികളായി കെആര്‍ഡബ്‌ള്യുഎസ്എ മുഖേന പഞ്ചായത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: