ഡോ.കൂമുള്ളി ശിവരാമന്
പിതൃവിയോഗമറിഞ്ഞ രാമലക്ഷ്മണന്മാര് ആദ്യം അശ്രുവര്‍ഷം ചൊരിഞ്ഞു. പിന്നെ ജലാഞ്ജലി സമര്‍പ്പിച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവിന് നിവാപമര്പ്പിച്ചു. പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണം ആര്‍ഷ പൈതൃകത്തില്‍ കുടുംബ ധര്‍മ്മമാണെന്ന് ഈ മുഹൂര്‍ത്തം രേഖപ്പെടുത്തുന്നു. തിരിച്ച് രാമ സോദരനെ അയോധ്യയില്‍ വന്ന് രാജ്യഭാരം ഏറ്റെടുക്കാന്‍ ഭരതന് അപേക്ഷിച്ച് വേളയില്‍ രാമന് പറയുന്നു, ‘പിതൃശാസനം അലംഘനീയമാണ്. സോദരാ, പിതാവ് നിന്നെ രാജ്യഭാരം ഏല്‍പ്പിച്ചു എന്നെ നിയോഗിച്ചത് വനവാസത്തിനാണ്. ആ ആജ്ഞ നാം പാലിക്കുക തന്നെ വേണം.
ധര്‍മ്മാനുഷ്ഠാനത്തില്‍ സത്യലംഘനം പാടില്ല.’ ഭരതന് ജ്യേഷ്ഠസഹോദരനോട് യോജിച്ചുകൊണ്ട് പറഞ്ഞു, ‘അച്ഛന്റെ വാഗ്ദാനപാലനത്തില്‍ മക്കള്‍ സഹായിക്കേണ്ടതുണ്ട.് എന്നാല്‍ എന്റെ രാജ്യം ഞാന്‍ അങ്ങേയ്ക്ക് നല്കുന്നു. അങ്ങയുടെ വനവാസകാലം ഞാന്‍ അനുഭവിക്കാം.’ രാമന് ഉറച്ച ശബ്ദത്തില്‍ മറുപടിയേകി.’ വസ്തുവെന്ന നിലയില്‍ രാജ്യം നിനക്ക് ആര്‍ക്കും ദാനം ചെയ്യാം പക്ഷേ വനവാസം പക്ഷേ വനവാസം ശിക്ഷാവിധിയാണ്. അത് ദാനം ചെയ്യുന്നതെങ്ങനെ? സോദര വാക്യത്തിന്റെ യുക്തിയും നൈതികതയും ബോധ്യമായതോടെയാണ് ഭരതന് പാദുകപ്രതിഷ്ഠയെന്ന ആശയം രാമനു മുന്നില്‍ വെയ്ക്കുന്നത്. സോദരന്റെ ഹിതത്തിന് രാമന് വശംവദനായി. കണ്ണീരില്‍ കുളിച്ച് ഭരതന് അമാത്യസേനാസമന്വിതനായി സഅയോധ്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. രാഷ്ട്രത്തിന്റെ പ്രതീകാത്മകമായ കുഞ്ഞുരൂപഭാവമാണ് കുടുംബത്തിന് സംങ്കല്പ്പിക്കപ്പെടുന്നത് .രാമായണ പാത്രങ്ങള്‍ ഈ വീക്ഷണ സമീക്ഷയെ വ്യത്യസ്ത ദര്‍ശനങ്ങളിലാണ് ഉള്‍ക്കൊണ്ടത്. കുടുംബത്തെ മുന്‍നിര്‍ത്തിയുള്ള ശത്രുഘ്നന്റെ വൈകാരിക മണ്ഡലത്തെയും ഇതിഹാസം വ്യംഗ്യമധുരമായി ചിത്രീകരിക്കുന്നുണ്ട്. അശ്വമേധയാഗാശ്വത്തെ അനുഗമിച്ച ശത്രുഘ്നന്‍ അവിചാരിതമായാണ് ലവകുശന്മാരെ കണ്ടുമുട്ടുന്നത്. അശ്വത്തെ ബന്ധിച്ച കുമാരനു നേരെ വില്ലു കുലച്ചപ്പോള്‍ മറ്റൊരു ബാലനും അവിടെ പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മസങ്കടത്തിലായ ശത്രുഘ്നന്‍ സീതാദേവിയെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ ഗ്രഹിച്ചത്. കുടുംബചേതനയുടെ മിടിപ്പുകള്‍ ആശ്രമ പരിസരത്തെ സ്നേഹധന്യമാക്കി. യാഗാവസരത്തില്‍ ലവകുശന്മാരുമായി അവിടെ എത്താമെന്ന വാല്മീകിയുടെ അനുഗ്രഹാശ്ശിസുകള് ഏറ്റുവാങ്ങിയാണ് ശത്രുഘ്നന്‍ യാത്രയാകുന്നത്. അശ്വമേധ യജ്ഞ വേദിയില്‍ മക്കളായ ലവകുശന്മാര് സ്വന്തം ആത്മകഥ രാമായണഗീതിയായി അവതരിപ്പിച്ചു കേട്ടപ്പോഴാണ് രാമന് മനുഷ്യത്വത്തിന്റെ പൂര്ണിമയിലേക്ക് ആസനസ്ഥനാകുന്നത്. സീതാദേവിയെ ആശ്രമത്തില്‍നിന്ന് അശ്വമേധയാഗവേദിയിലേക്ക് ആനയിക്കാന്‍ വാല്മീകിയോടുള്ള രാമാര്ത്ഥന പശ്ചാത്താപത്തിന്റെ അശ്രുകണം പുരണ്ടതാണ്. സീതാദേവി വേദിയില്‍ എത്തിയെങ്കിലും രാമാഭ്യര്ത്ഥനയില് കുലുങ്ങാതെ അമ്മമടിയില്‍ തിരോധാനം ചെയ്യുകയായിരുന്നു. കുടുംബജീവിതത്തിന് ആദിമധ്യാന്തധാരം അമ്മയാണ്. മാതൃപൂജയില്‍ നിന്നാണ് രാമായണത്തിലെ കുടുംബധര്മ്മപ്രത്യയങ്ങള് ഉരുവം കൊള്ളുന്നത്. ത്യാഗസമര്പ്പണവും രാഗസമന്വയവുമാണ് കുടുംബാന്തരീക്ഷത്തിലെ മിന്നും നയന്താരങ്ങള്.
ബന്ധങ്ങളുടെ ധാര്മികപ്പൊടിപ്പില് സ്നേഹമന്ദാരങ്ങള് വളര്‍ത്തിയെടുക്കുന്ന പൂജനീയമായ കുടുംബ സംസ്കൃതിയാണ് ഇതിഹാസപ്പെരുമ. ദൈവത്തേക്കാള്‍ വലിയ മനുഷ്യനെ സങ്കല്പിച്ച് ആരാധിച്ച രാഷ്ട്രമാണ് ഭാരതം. മനുഷ്യനില്‍ നിന്നു തുടങ്ങി മനുഷ്യനിലൂടെ വളര്‍ന്ന് മനുഷ്യത്വത്തില്‍ സാക്ഷാത്കാരമടയുന്ന മാനവികതയാണ് നമ്മുടെ പൈതൃകം. ആദര്‍ശങ്ങളുടെയും സത്യവ്രതത്തിന്റെയും പ്രേമാനുഭൂതിയുടെയും സൂക്ഷ്മപരിപാലനവും ആന്തരികജീവിതവുമാണ് ആര്‍ഷ ഭൂമിയുടെ ഋഷിപാരമ്പര്യം. ഈ സാംസ്ക്കാരിക പൈതൃകത്തിന്റെ ഉണ്മയാണ് കുടുംബം. സ്നേഹജന്യമായ ഊര്ജ്ജപ്രസരണി യില്‍ മാനവസംസ്കൃതിയെ നവീകരിക്കാനും ധര്മ്മപരിസര മണി പ്രത്യക്ഷീകരിക്കാനുമുള്ള ആത്മാന്വേഷണ പരീക്ഷണമാണ് കുടുംബവും കുടുംബജീവിതവും വിഭാവനം ചെയ്യുന്നത.് ഏകതയെയും സഹഭാവത്തെയും സാക്ഷാത്ക്കരിക്കുമ്പോഴാണ് കുടുംബം മാതൃകയോഗ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: