മലപ്പുറം: മയക്കുമരുന്നു കേസിൽ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചു. താനൂർ പോലീസിന്റെ കസ്റ്റഡിൽ ഇരുന്ന തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു.
സംഭവത്തെക്കു റിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും റിപ്പോർട്ട് നൽകും. പോലീസ് സർജന്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഇന്ന് പുലർച്ചെ 1.45ന് പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പോലീസ് സ്റ്റേഷനിലെത്തി പുലർച്ചെ നാലു മണിയോടെ ഇയാൾ സ്റ്റേഷനിൽ തളർന്നു വീണുവെന്ന് ഡിവൈഎസ്പി വി.വി ബെന്നി പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധവുമായി എത്തി. സ്ഥലത്തെത്തിയ ആർ ഡി ഒയെ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: