ന്യൂദല്‍ഹി : ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിനായി ശമ്പളത്തോട് കൂടിയ അവധി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുവരെ വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് അവധി ഉണ്ടായിരുന്നത്. പുതിയ നിയമത്തോടെ ഭാര്യ മരിക്കുകയോ, വിവാഹ മോചനം നേടുകയോ ചെയ്തിട്ടുള്ള പുരുഷ ഓഫീസര്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ ശമ്പളത്തോടെ അവധിയെടുക്കാന്‍ സാധിക്കും.
പുതിയ ചട്ടം 18 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുള്ള സിംഗിള്‍ പാരന്റ് ആയ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ശിശുപരിപാലനത്തിന് വേണ്ടിയുള്ള അവധി അപേക്ഷയ്ക്ക് മറ്റ് ലീവുകളുമായി ബന്ധമില്ല. ഒഴിവാക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങളില്‍ അല്ലാതെ പ്രൊബേഷന്‍ കാലത്ത് ഈ ആനുകൂല്യം ലഭ്യമാകില്ല. എടുക്കുന്ന അവധി അഞ്ച് ദിവസത്തില്‍ കുറയാന്‍ പാടില്ലെന്നും ഇത്തരവ് വ്യക്തമാക്കുന്നു.
1955ലെ അലിലേന്ത്യാ ലീവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്. കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയായാണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ സാധിക്കുക. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കാണഅ അവധി നല്‍കുന്നത്. അവധിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അതിനുമുമ്പ് അവസാനമായി വാങ്ങിയ ശമ്പളം ആദ്യ വര്‍ഷത്തെ അവധി കാലയളവില്‍ ലഭിക്കും. രണ്ടാം വര്‍ഷത്തില്‍ ഇത് ശമ്പളത്തിന്റെ എണ്‍പത് ശതമാനവും ആയിരിക്കുമെന്നാണ് കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: