Categories: Editorial

മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതാര്?

ഗുരുതരമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ സത്യത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ അപകടകരമായ സ്ഥിതിവിശേഷമാണത്. സ്വര്‍ണക്കടത്തു കേസിലുള്‍പ്പെടെ മുന്‍കാലത്ത് ഉയര്‍ന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതുമായിരിക്കും. ഇങ്ങനെയൊരു ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമുണ്ടെങ്കില്‍ അത് ആരെന്ന് കണ്ടുപിടിക്കണം. എന്തൊക്കെയാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളതെന്ന് പുറത്തുവരണം. ഭരണസംവിധാനം മുഴുവനായിത്തന്നെ ഹൈജാക്കു ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ കോടതിയുടെ ഇടപെടലിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ

Published by

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണ ഉന്നയിച്ചിരിക്കുന്ന ആരോപണം അത്യന്തം ഗുരുതരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രം മാഫിയയെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പ്രശ്‌നപരിഹാരത്തിന് ആര്‍ബിട്രര്‍മാരായ ജഡ്ജിമാര്‍ക്ക് ഹൈക്കോടതി അയയ്‌ക്കുന്ന കേസുകള്‍ കൈവശപ്പെടുത്തി ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്ത് ഒതുക്കിത്തീര്‍ക്കുകയാണെന്നുമുള്ള ആരോപണമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയില്‍ ഈ പോലീസുദ്യോഗസ്ഥന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു രാഷ്‌ട്രീയ ഉന്നതന്റെ നേതൃത്വത്തില്‍ കക്ഷികളെ വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയും ഭീഷണിപ്പെടുത്തിയുമാണ് കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതും, ഇതിന്റെ പ്രതിഫലമായി ലക്ഷങ്ങള്‍ കൈപ്പറ്റുന്നതുമത്രേ. ഇത്തരം കേസുകളില്‍ കക്ഷികളാവുന്നത് വലിയ സ്ഥാപനങ്ങളും ഉന്നതരായ കരാറുകാരുമായതിനാല്‍ നിയമവിരുദ്ധമായി വലിയ സാമ്പത്തിക ഇടപാടുകളാണ് ഇപ്രകാരം നടക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ കരുതിക്കൂട്ടി പ്രതിചേര്‍ത്തതിനെതിരെയാണ് ഐജി ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എസ്പിക്ക് മുകളിലുള്ള ആരെയും പ്രതി ചേര്‍ക്കാതിരുന്ന ഈ കേസില്‍ ഒരു വര്‍ഷവും ഒന്‍പത് മാസവും കഴിഞ്ഞാണ് ലക്ഷ്മണയെ മൂന്നാംപ്രതിയാക്കി അഡീഷണല്‍ സിജെഎം കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ തീര്‍ച്ചയായും അസ്വാഭാവികതയുണ്ട്.  

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയടക്കം നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുയരുകയും വെളിപ്പെടുത്തലുകളുണ്ടാവുകയും ചെയ്തതാണ്. ഈ ഉദ്യോഗസ്ഥര്‍ രാജിവയ്‌ക്കണമെന്നും, ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇവരെ സംരക്ഷിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇതെന്ന വിമര്‍ശനവും അന്ന് ഉയരുകയുണ്ടായി. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വീസിലിരിക്കെ സംരക്ഷിച്ചതിനു പുറമെ അവര്‍ വിരമിച്ചപ്പോള്‍ വലിയ ശമ്പളത്തോടെ പുതിയ പദവികളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിനുവിരുദ്ധമായി ഒരു പോലീസ് ഉദ്യോഗസ്ഥനെ മാത്രം കേസില്‍ പ്രതിയാക്കിയത് സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയാണെന്ന് പറയേണ്ടിവരും. സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരുടെ സ്ഥാപിതതാല്‍പ്പര്യത്തിന് വഴങ്ങാത്തതിനാലാണ് ഈ ഉദ്യോഗസ്ഥനെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല. രാഷ്‌ട്രീയമായ താല്‍പ്പര്യം മുന്‍നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായാലും ദ്രോഹിക്കുന്നതായാലും അംഗീകരിക്കാനാവില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെപ്പോലും ഇത് വഴിതെറ്റിക്കും. അതിനുപരി പോലീസ് സേനയിലെ അച്ചടക്കം ഇല്ലാതാക്കുകയും ചെയ്യും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തും, രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിലും ഏറ്റവും കൂടുതല്‍ പഴികേട്ടത് ആഭ്യന്തരവകുപ്പാണ്. പോലീസിനെ അങ്ങേയറ്റം രാഷ്‌ട്രീയവല്‍ക്കരിച്ച് മുഖ്യമന്ത്രിയുടെ സ്വകാര്യസേനയെപ്പോലെയാക്കി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ നിരപരാധികളായ ജനങ്ങളെ ദ്രോഹിച്ച് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണ് പോലീസ് ചെയ്തത്. ഇടതുഭരണത്തില്‍ സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളെപ്പോലെ പോലീസും അധഃപതിച്ചു. സിപിഎമ്മുകാര്‍ പ്രതികളാവുന്ന ഗുരുതരമായ കേസുകളില്‍പ്പോലും തെളിവു നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും പോലീസ് ഇടപെട്ട സംഭവങ്ങള്‍ നിരവധിയുണ്ടായി. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍  പോലീസിനെ ശാരീരികമായി ആക്രമിച്ചാല്‍പ്പോലും പ്രതികരിക്കാതെ സഹിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ഇതില്‍നിന്നൊക്കെ വ്യത്യസ്തവും ഗുരുതരവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം. ഈ ആരോപണത്തില്‍ സത്യത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ വളരെ അപകടകരമായ സ്ഥിതിവിശേഷമാണത്. സ്വര്‍ണക്കടത്തു കേസിലുള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മുന്‍കാലത്ത് ഉയര്‍ന്ന ആരോപണങ്ങളെ ശരിവയ്‌ക്കുന്നതുമായിരിക്കും. ഇങ്ങനെയൊരു ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമുണ്ടെങ്കില്‍ അത് ആരെന്ന് കണ്ടുപിടിക്കണം. എന്തൊക്കെയാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളതെന്ന് പുറത്തുവരണം. ഭരണസംവിധാനം മുഴുവനായിത്തന്നെ ഹൈജാക്കു ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ കോടതിയുടെ ഇടപെടലിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക