Categories: Kerala

നീരയെ സര്‍ക്കാര്‍ മറന്നു; ബാധ്യതയായത് സ്വപ്‌ന പദ്ധതി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്‍പ്പെടെ വായ്പയെടുത്ത് 29 നാളികേര ഉത്പാദക കമ്പനികളാണ് (സിപിസി) സംസ്ഥാനത്ത് രൂപീകരിച്ചത്. നീര ഉത്പാദന രംഗത്ത് സജീവമായിരുന്ന 12 കമ്പനികള്‍ക്ക് 18 കോടി രൂപയുടെ ബാധ്യതയുണ്ട്. നീരയ്ക്കായി എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ മറ്റ് വായ്പകളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു

Published by

അഭിജിത്ത്.എസ്.ഗാണപത്യം

തിരുവല്ല: പ്രഖ്യാപന പെരുമഴയില്‍ കൊട്ടിഗ്‌ഘോഷിച്ച നീര ഉത്പാദനം അതിജീവനത്തിന് ബുദ്ധിമുട്ടുന്നു. മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കോടികളാണ് ഇതിന് വേണ്ടി പാഴാക്കിയത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്‍പ്പെടെ വായ്പയെടുത്ത് 29 നാളികേര ഉത്പാദക കമ്പനികളാണ് (സിപിസി) സംസ്ഥാനത്ത് രൂപീകരിച്ചത്. നീര ഉത്പാദന രംഗത്ത് സജീവമായിരുന്ന 12 കമ്പനികള്‍ക്ക് 18 കോടി രൂപയുടെ ബാധ്യതയുണ്ട്.  

നീരയ്‌ക്കായി എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ മറ്റ് വായ്പകളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. 40,000 ലിറ്റര്‍ വരെ നീര ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇന്ന് പ്രതിദിന ഉത്പാദനം 500 ലിറ്ററിലും താഴെ മാത്രം. ഇന്ന് 12ല്‍ താഴെ കമ്പനികള്‍ മാത്രമാണുള്ളത്. ഇവയുടെ ഉത്പാദനമാകട്ടെ, നാമമാത്രം. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 103 കോടി രൂപ മുതല്‍മുടക്കി. അതില്‍ 53 കോടിയാണ് കര്‍ഷകരില്‍നിന്ന് ഓഹരി സമാഹരിച്ചത്. കെഎഫ്‌സിയില്‍ നിന്ന് കടമെടുത്തത് 17 കോടി. നാളികേര കര്‍ഷകര്‍ക്കെല്ലാം കടംകേറിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ഫണ്ടുകളില്‍ പലതും വകമാറ്റി വെട്ടിച്ചു.  

കള്ളിനെ പോഷകാഹാരമാക്കി ഉയര്‍ത്തി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നതും ഇതേ ദുഷ്ടലാക്കോടെയാണ്. നീരയ്‌ക്കുവേണ്ടി ചോര നീരാക്കിയ ഒരുപാട് പേരുണ്ട്. ഭൂരിഭാഗം നീര ഉത്പാദന യൂണിറ്റുകളും നീര പാര്‍ലറുകളും പൂട്ടി. 2014-ലാണ് സംസ്ഥാനത്ത് നീര ഉത്പാദനവും വിപണനവും ആരംഭിച്ചത്. കാലാനുസൃതമായി സാങ്കേതികവിദ്യ പരിഷ്‌കരിക്കാനും വിപണി കണ്ടെത്തി വിറ്റഴിക്കാനും സര്‍ക്കാര്‍ സഹായവും ഉപദേശവുമൊന്നും നല്കാത്തതാണ് സംരംഭങ്ങളെ നഷ്ടത്തിലാക്കിയത്. നീരയുടെ സാധ്യത മനസിലാക്കിയ തമിഴ്‌നാടും ആന്ധ്രാ പ്രദേശുമെല്ലാം കേരളത്തിനടുത്ത് ഫാക്ടറി സ്ഥാപിച്ച് കോടികളാണ് നേടുന്നത്.  

കള്ളുത്പാദനത്തില്‍ സാധാരണ ഒരു തെങ്ങില്‍നിന്ന് കര്‍ഷകന് വര്‍ഷം ഏതാണ്ട് 1,500 രൂപയാണ് ലഭിക്കുന്ന ആദായം. അതേസമയം, നീര ഉത്പാദനം വഴി ശരാശരി 3,000-4,000 രൂപ ലഭിക്കും. അതുകൊണ്ടുതന്നെ നീര ഉത്പാദനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായാല്‍ കേര കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. നീര കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പൊതു ടെട്രാ പാക്കിങ് യൂണിറ്റ് സ്ഥാപിക്കുമെന്ന കൃഷിവകുപ്പിന്റെ വാഗ്ദാനവും പാഴ്‌വാക്കായി.  

നീര സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കാന്‍ ഭീമമായ ചെലവാണുള്ളത്. ഈ ചെലവ് കുറയ്‌ക്കാന്‍ സബ്സിഡി ആവശ്യമാണ്. കേന്ദ്രത്തിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡ് വഴി ലക്ഷങ്ങളുടെ സാമ്പത്തിക സഹായവും കേരളം കൈപ്പറ്റി. എന്നാല്‍ ഇവയ്‌ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യവും സാങ്കേതിക മികവും വിപണന സാധ്യതയും ഒരുക്കുന്നതില്‍ വീഴ്ചവരുത്തി. ഇതോടെ, കര്‍ഷക കൂട്ടായ്മകള്‍ക്കും കമ്പനികള്‍ക്കും പദ്ധതി ബാധ്യതയായി.  

കേന്ദ്രഫണ്ടുപയോഗിച്ച് ലഭിച്ച 50 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിച്ചു. പിന്നീട് കാര്യമായ സാമ്പത്തിക സഹായമൊന്നും നല്‍കിയില്ല. വലിയ കടബാധ്യതയാണ് കര്‍ഷകര്‍ക്കും നീര ഉത്പാദക കമ്പനികള്‍ക്കും ഉണ്ടായത്. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലരും ജപ്തി ഭീഷണിയിലാണ്. കടമെടുത്ത് വാങ്ങിയ കോടികള്‍ വില മതിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുടെ അഭാവവും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് നീര ഉത്പാദനം പിന്നോട്ടടിക്കാന്‍ കാരണമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക