മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ റെയില്‍വെ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ (ആര്‍പിഎഫ്) നടത്തിയ വെടിവയ്പ്പില്‍ ഒരു എഎസ്ഐ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ചേതന്‍ സിങ്(30) എന്ന കോണ്‍സ്റ്റബിളാണ് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് 12 റൗണ്ട് വെടിവച്ചത്. വെടിവയ്പ്പില്‍ ഇയാളുടെ സീനിയറും എഎസ്ഐയുമായ ടിക്കാറാം മീണയും മറ്റ് മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടു. ചേതന്‍ സിങ്ങിനെ കസ്റ്റഡിയിലെടുത്തതായി റെയില്‍വെ പോലീസ് അറിയിച്ചു. ഇയാള്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി ബോറിവലിയില്‍ ഇറങ്ങിയെങ്കിലും പിന്നീട് ഭയാന്ദര് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഇന്നലെ വെളുപ്പിന് അഞ്ചുമണിക്ക് ട്രെയിന്‍ വൈതര്‍ണ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. എഎസ്ഐ ടിക്കാറാം മീണയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പറയുന്നു. ഇയാളുടെ കൈയില്‍ 20 വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം കണ്ടെടുത്തിട്ടുണ്ട്. ചേതന്‍ സിങ്ങിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പടിഞ്ഞാറന്‍ റെയില്‍വെ ഐജി പി.സി. സിന്‍ഹ പറഞ്ഞു. 12 വര്‍ഷമായി ഇയാള്‍ ആര്‍പിഎഫില്‍ ജോലി ചെയ്യുന്നു. 12 ദിവസത്തെ ലീവിനുശേഷം ഉത്തര്‍പ്രദേശിലെ ഹാഥ്റസിലെ വീട്ടില്‍ നിന്നും ജൂലൈ 18നാണ് ഡ്യൂട്ടിയില്‍ തിരിച്ചെത്തിയത്.
ചേതന്‍ സിങ്ങും ടിക്കാറാം മീണയും സൂററ്റില്‍ നിന്നാണ് മറ്റ് രണ്ട് കോണ്‍സ്റ്റബിള്‍മാരോടൊപ്പം ട്രെയിനില്‍ ഡ്യൂട്ടിക്ക് കയറിയത്. ഇവരോടൊപ്പം കയറിയ കോണ്‍സ്റ്റബിള്‍മാര്‍ നരേന്ദ്ര പാര്‍മറും അമേയും സംഭവം നടക്കുമ്പോള്‍ മറ്റ് കോച്ചുകളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: