കൊച്ചി: ആലുവയില്‍ മൃഗീയ പീഡനത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ഭൗതിക ശരീരത്തോടുപോലും കേരളത്തിലെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ തികഞ്ഞ അനാദരവാണ് കാട്ടിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. സ്ഥലം എംഎല്‍എ ഒഴിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവോ അറിയപ്പെടുന്ന സിപിഎം നേതാക്കളോ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയില്ല എന്നത് ഖേദകരമാണ്, വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും പോലീസും തികഞ്ഞ അവഗണനയും അനാദരവുമാണ് കാണിച്ചത്. ഒരു വില്ലേജ് ഓഫീസര്‍ പോലും പങ്കെടുത്തില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയിടത്തും പൊതുദര്‍ശനത്തിന് വച്ചിടത്തും പോലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നതും അത്യന്തം ഗൗരവമേറിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം മയക്കുമരുന്നിന്റെയും മദ്യ ഉപയോഗത്തിന്റെയും കേന്ദ്രമായി മാറി. സംസ്ഥാന ഭരണകൂടമോ പോലീസോ ഇതില്‍ മൗനം പാലിക്കുകയാണ്. ഇതുമൂലം പ്രതിദിനം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. കേരളത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായതായും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കും ക്രൂരമായ മൗനത്തിനുമെതിരെ ആഗസ്ത് അഞ്ചിന് ബിജെപിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്നും രാധാകൃഷ്ണന് പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍. ജെയിംസും പങ്കെടുത്തു.
ആലുവ കൊലപാതകം പോലീസിന്റെ കഴിവുകേട് തുറന്ന് കാട്ടുന്നു: സി.ആര്. പ്രഫുല്‍ കൃഷ്ണന്
ആലുവ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നു യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന്. പോലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായി മാറിയ പോലീസ് ക്രമസമാധാനത്തില്‍ ശ്രദ്ധിക്കുന്നില്ല.
ഒരു കുറ്റകൃത്യം നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് കേരളാ പോലീസിന് അറിയില്ല. ഫെയ്സ്ബുക്കില്‍ മാപ്പ് പറയുന്നത് പോലീസിന്റെ പരാജയവും കഴിവുകേട് തുറന്ന് കാട്ടലുമാണെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: