ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന് മാര്‍ക്കിളും ലണ്ടനിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജകുടുംബവുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെ ചാള്‍സ് രാജാവിന്റെ ഇളയ മകന് ഹാരി ഭാര്യയും മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവരോടൊപ്പം അമേരിക്കയിലാണ് താമസം.
രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുളള വഴി തുറന്നിട്ടുകൊണ്ടാണ് ഹാരി രാജകുമാരന് തിരിച്ചു വരുന്നതെന്നാണ് റിപ്പോര്‍ട്ട്.
മേയ് മാസത്തില്‍, ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ഹാരി രാജകുമാരന് മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം നടന്ന പരിപാടികളില്‍ പങ്കെടുക്കാതെ അദ്ദേഹം യുഎസിലേക്ക് തിടുക്കത്തില്‍ മടങ്ങിയിരുന്നു.
കിരീടധാരണ ചടങ്ങില്‍, ഹാരി രാജകുമാരന് സഹോദരന് വില്യം രാജകുമാരന് ഇരുന്നതിലും രണ്ട് വരി പിന്നിലാണ് ഇരിപ്പിടമൊരുക്കിയത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഹാരി രാജകുമാരന് മേഗന് മാര്‍ക്കലുമായുള്ള തന്റെ വിവാഹത്തെ എതിര്‍ത്ത വില്യം ശാരീരികമായി തന്നെ ആക്രമിച്ച സംഭവം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിലാണ് ഹാരിയെയും മേഗനെയും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം അവസാനമായി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: