മുംബൈ: ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യല്‍ ജോലി വഴി താനെ സ്വദേശിയായ യുവാവിന് നഷ്ടമായത് 37 ലക്ഷം രൂപ. ബോളിവുഡ് താരങ്ങളടക്കമുള്ള പ്രശസ്തരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വീട്ടിലിരുന്ന് ലൈക്ക് ചെയ്യുക എന്നതായിരുന്നു ജോലി. ഒരു പോസ്റ്റ് ലൈക്ക് ചെയ്താല്‍ 70 രൂപ വച്ച് ദിവസം 3,000 രൂപ വരെ നേടാമെന്നായിരുന്നു വാഗ്ദാനം.
ജോലി തുടങ്ങി, കൃത്യമായി പ്രതിഫലവും ലഭിച്ചു. എന്നാല്‍ ജോലി നല്കിയവര് പിന്നീട് യുവാവിന്റെ 37 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്താണ് വഞ്ചിച്ചതെന്ന് പരാതിയില്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സി വാങ്ങാനെന്നു പറഞ്ഞ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം 9,000 രൂപ നിക്ഷേപിച്ചു. 9,980 രൂപ തിരികെ ലഭിച്ചു.
വിശ്വാസം തോന്നി 30,000 രൂപ നിക്ഷേപിച്ചു. 8,208 രൂപയാണ് ലാഭമായി കിട്ടിയത്. പിന്നാലെ വിഐപി അക്കൗണ്ട് ലഭിച്ചു. ഇതില്‍ വന്‍തുക നിക്ഷേപിച്ചു. നിക്ഷേപം ലക്ഷങ്ങള്‍ കടന്നതോടെ ലാഭം മുടങ്ങി. ലാഭം കിട്ടാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് യുവാവ് തിരിച്ചറിയുന്നത്. അപ്പോഴേക്കും 37 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. സൈബര്‍ കുറ്റകൃത്യത്തിനു കേസെടുത്ത് താനെ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: