Categories: Kerala

ആറു വയസ്സുകാരിയുടെ ശേഷക്രിയ ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്ന വാര്‍ത്ത തെറ്റെന്ന് രേവദ് ബാബു; അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മുഖംമൂടി പൊളിഞ്ഞു

ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ ചാലക്കുടി സ്വദേശി രേവദ് ബാബു. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലും വാസ്തവമില്ലെന്ന് രേവദ് ബാബു വ്യക്തമാക്കി.

Published by

തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ ചാലക്കുടി സ്വദേശി രേവദ് ബാബു. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലും വാസ്തവമില്ലെന്ന് രേവദ് ബാബു വ്യക്തമാക്കി.ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ല എന്ന് മാത്രമേ പൂജാരിമാര്‍ പറഞ്ഞുള്ളൂവെന്ന് രേവദ് ബാബു വ്യക്തമാക്കി.  സമൂഹമാധ്യമ ഇൻഫ്‌ളുവൻസറായ  ചേറായിയോട് നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു രേവദ് വാസ്തവങ്ങള്‍ വെളിപ്പെടുത്തിയത്.  

പൂജാരിമാരെ വിമര്‍ശിച്ചുകൊണ്ട് രേവദ് പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത് രാവിലെയായിരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. ആലുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ  രേവദാണ് അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന കാര്യം പറഞ്ഞത്. അന്‍വര്‍ സാദത്താണ് രേവദിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്.

‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി” എന്നാണ്  രേവദ്  പറഞ്ഞത്. ഉടന്‍  തന്നെ അയാളെ അന്‍വര്‍ സാദത്ത് എംഎല്‍എ  ആലിംഗനം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.  

എന്നാല്‍ വൈകുന്നേരത്തോടെ, ചേറായിയുടെ അഭിമുഖത്തിലൂടെ കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുകയാണ്. “ചെറിയ കുട്ടികൾക്ക് സാധാരണയായി ശേഷക്രിയ ചെയ്യാറില്ല എന്ന് മാത്രമാണ് പൂജാരിമാർ പറഞ്ഞത്. താൻ സമീപിച്ച എല്ലാ പൂജാരിമാരും ഇതുതന്നെ ആവർത്തിച്ചു. അല്ലാതെ ഹിന്ദിക്കാരുടെ കുട്ടി ആയതിനാൽ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചു എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല”- രേവദ് പറഞ്ഞു.  ഇതോടെ ഹിന്ദുത്വത്തിനെതിരെ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച അന്‍വര്‍ സാദത്ത് എംഎല്‍എയുടെ യഥാര്‍ത്ഥമുഖം കൂടിയാണ് മലയാളികള്‍ക്ക് മുന്‍പില്‍ വെളിപ്പെട്ടത്.  ഹിന്ദു പൂജാരിമാരെ അപമാനിക്കാന്‍ കിട്ടുന്ന അവസരവും അന്‍വര്‍ സാദത്ത് എംഎല്‍എ രേവദിനെവെച്ച് മുതലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതും ഇപ്പോള്‍ പൊളിഞ്ഞു. 

ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി  പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക