വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ഒരു ഇന്ത്യന്‍ വംശജന്‍ കൂടി.എഞ്ചിനീയറായ ഹിര്‍ഷ് വര്‍ധന്‍ സിംഗാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ന്യൂജേഴ്സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യാഥാസ്ഥിതിക വിഭാഗം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച ‘ആജീവനാന്ത റിപ്പബ്ലിക്കന്‍’, ആണ് താനെന്ന് 38 കാരനായ ഹിര്‍ഷ് വര്‍ധന്‍ സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉണ്ടായ മാറ്റങ്ങള്‍ നീക്കി അമേരിക്കന്‍ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ശക്തമായ നേതൃത്വം ആവശ്യമാണ്. അതിനാലാണ് 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തേടാന്‍ തീരുമാനിച്ചത്,’ സിംഗ് 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറഞ്ഞു.
ഹിര്‍ഷ് വര്‍ധന്‍ സിംഗിന് മുമ്പ്, സൗത്ത് കരോലിന മുന്‍ ഗവര്‍ണര്‍ നിക്കി ഹേലിയും കോടീശ്വരനായ വ്യവസായി വിവേക് രാമസ്വാമിയുമാണ് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം തേടുന്ന മറ്റ് രണ്ട് ഇന്ത്യന്‍ വംശജര്‍.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഒരു ഡസന്‍ പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്നുണ്ട്.
തങ്ങളുടെ പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി റിപ്പബ്ലിക്കന്‍മാര്‍ അടുത്ത വര്‍ഷം ജൂലൈ 15 മുതല്‍ 18 വരെ വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: