ന്യൂദല്‍ഹി: ഭരണത്തിന്റെ പിന്‍ബലത്തില്‍ ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന് മേല്‍ ഇംഗ്ലീഷ് ഇന്ത്യയെ സ്ഥാപിച്ചതും അത്തരം ആഖ്യാനങ്ങളുടെ ഭാഗമാണ്. ഭാരതം സംസ്‌കൃതമായതുകൊണ്ടാണ് അതിനിട വന്നത്.
സംസ്‌കൃതം ബ്രാഹ്മണരുടെ ഭാഷയാണെന്ന് പ്രചരിപ്പിച്ചാണ് അതിനെ പിന്നാക്കമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇത്തരം നുണകളാണ് ചിന്താഗതിയെ ഭരിക്കുന്നതെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു. മുന്‍ എംപി ബല്‍ബീര്‍ പുഞ്ച് രചിച്ച ‘നരേറ്റീവ് കാ മായാജാല്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ചെയര്‍മാനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്നിഹിതനായിരുന്നു.
ഭാരതത്തില്‍ പ്രധാനമായും മൂന്ന് സത്യാന്വേഷണങ്ങളാണ് നടന്നത്. വ്യക്തി, ശരീരമല്ല, ആത്മാവാണ് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. രണ്ടാമത്തേത് ധര്‍മ്മവും മൂന്നാമത്തേത് അറിവുകളുടെ സങ്കലനവും. നമ്മുടെ ആഖ്യാനങ്ങള്‍ സത്യത്തെ ഉറപ്പിച്ചുനിര്‍ത്തലാണ്. സംവാദത്തിന്റെ പാരമ്പര്യമാണ് നമുക്കതിന് ഉപകരണം. ശാസ്ത്രാര്‍ത്ഥത്തിന്റെ ആ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ വിജയമല്ല, സത്യത്തിന്റെ വിജയമാണ് സംഭവിക്കുക, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
നമ്മുടെ ശാസ്ത്രവും ജീവിതം എത്ര മഹത്തരമാണെന്നത് അഭ്യസ്തവിദ്യര്‍ കൂടി മറന്നു എന്നതാണ് അധിനിവേശ ശക്തികളുടെ വിജയം. സനാതന ധര്‍മ്മത്തെക്കുറിച്ച് എല്ലായിടത്തും ദുഷ്പ്രചാരണം നടക്കുന്നു. മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മിണ്ടരുതെന്ന് ആജ്ഞാപിക്കുന്നു. ഈ ആഖ്യാനം തകര്‍ക്കണം. ഹിന്ദുധര്‍മ്മം ആരാധനയില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ഈ രാഷ്‌ട്രത്തിന്റെ ജീവിതരീതിയാണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.ആത്മതത്വം അറിയാനുള്ള പരിശ്രമം എല്ലാ മേഖലകളിലും വേണമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: