ജറുസലേം : ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്തിനായി പോയ മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായെന്ന് പരാതി. ട്രാവല്‍ ഏജന്‍സി വഴി ഇസ്രയേലിലേക്ക് പോയതാണ് ഇവര്‍. 47 പേരടങ്ങുന്നതാണ് സംഘം. കാണാതായവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ഇവര്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ നടത്തി വരികയാണ്.
തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നില്‍ വീട്ടില്‍ നസീര്‍ അബ്ദുള്‍ റബ്, മിതിര്‍മ്മല പാക്കിസ്ഥാന്മുക്ക് ഇടവിള വീട്ടില്‍ ഷാജഹാന് അബ്ദുള്‍ ഷുക്കൂര്‍, മണമ്പൂര്‍ കുളമുട്ടം അഹമ്മദ് മന്‍സില്‍ ഹക്കിം അബ്ദുള്‍ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പില്‍ വീട്ടില്‍ ഷാജഹാന് കിതര്‍ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയര്‍കുഴി പാലക്കല്‍ കടക്കല്‍ ഷഫീഖ് മന്‍സിലില്‍ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്നേഹതീരം നവാസ് സുലൈമാന്‍ കുഞ്ഞ്, ഭാര്യ ബിന്‍സി ബദറുദ്ദീന്‍ എന്നിവരെയാണ് കാണാതായത്. മലപ്പുറം ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസാണ് ഇവരെ ഇസ്രയേലിലേക്ക് കൊണ്ടുപോയത്.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന 31 പേരേയും ഇസ്രയേലില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ജോര്‍ദാന്‍, ഇസ്രയേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കായി ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് 47 പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്. സംഘം വ്യാഴാഴ്ച ജോര്‍ദാനിലെത്തി. എന്നാല്‍ ഇതില്‍ ഒമ്പത്പേര്‍ക്ക് ഇസ്രയേലില്‍ പ്രവേശിക്കാന്‍ വിസ കിട്ടാത്തതിനാല്‍ ബാക്കി 38 പേരാണ് ഇസ്രായേലിലെത്തിയത്. ജെറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ എത്തിയപ്പോള്‍ ഇവരില്‍ ചിലര്‍ ശൗചാലയത്തില്‍ പോകണമെന്നും മറ്റ് അത്യാവശ്യങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികളോട് പറഞ്ഞ് ഇവരില്‍ പലരും പുറത്തിറങ്ങി. ഇതില്‍ ഏഴുപേരാണ് തിരിച്ചെത്താതിരുന്നത്.
12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് ഇസ്രയേല്‍ കമ്പനി തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇസ്രയേലിലേക്ക് വിസ കിട്ടാതിരുന്ന ഒമ്പത്പേരില്‍ അഞ്ച്പേര്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. ബാക്കി നാല്പേര് കപ്പലില്‍ ഈജിപ്തിലേക്ക് പോയി. കാണാതായ ഏഴുപേരും സുലൈമാന്‍ എന്ന സോളമന് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. അമ്മാനില്‍നിന്ന് മടങ്ങിയ ഒരാളും ഇയാള്‍ മുഖേനയാണ് ബുക്ക് ചെയ്തത്. കാണാതായവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവെക്കപ്പെട്ടവരോടൊപ്പമുള്ള ട്രാവല്‍ ഏജന്‍സി പ്രതിനിധികളുടെ പക്കലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: