ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രക്തസാക്ഷികളായ സ്ത്രീപുരുഷന്മാരെ ആദരിക്കുന്നതിനായി എന്റെ മണ്ണ് എന്റെ ദേശം കാമ്പയിന് ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .അമൃത് മഹോത്സവത്തിന്റെ അനുരണനങ്ങള്ക്കിടയില് രക്തസാക്ഷികളുടെ സ്മരണയ്ക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആകാശവാണിയിലെ മന് കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ലക്ഷക്കണക്കിന് ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ലിഖിതങ്ങള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.എന്റെ മണ്ണ്, എന്റെ ദേശം കാമ്പയിനിന്റെ കീഴില്‍ രാജ്യത്തുടനീളം ‘അമൃത് കലാഷ് യാത്ര’ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും 7500 കലശങ്ങളില്‍ മണ്ണും വഹിച്ചുകൊണ്ട് ഈ ‘അമൃത് കലശ യാത്ര’ രാജ്യതലസ്ഥാനത്ത് എത്തും. ഈ യാത്രയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെടികളുടെ തൈകളും കൊണ്ടുവരും.
7500 കലശങ്ങളിലെത്തുന്ന മണ്ണും തൈകളും ഉപയോഗിച്ച് ദേശീയ യുദ്ധസ്മാരകത്തിന് സമീപം ‘അമൃത് ഉദ്യാനം’ നിര്‍മിക്കുമെന്ന് മോദി പറഞ്ഞു. ഈ ‘അമൃത് ഉദ്യാനം’ ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ മഹത്തായ പ്രതീകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മണ്ണ് എന്റെ ദേശം കാമ്പെയ്നില്‍ പങ്കെടുക്കുന്നതിലൂടെ, അമൃത് കാലത്തിന്റെ അടുത്ത 25 വര്‍ഷത്തേക്ക് ‘അഞ്ച് ദൃഢനിശ്ചയങ്ങള്‍’ നിറവേറ്റുമെന്ന് രാഷ്ട്രം പ്രതിജ്ഞയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിജ്ഞ ചെയ്യുമ്പോഴും രാജ്യത്തിന്റെ പവിത്രമായ മണ്ണ് കയ്യാളുമ്പോഴും സെല്‍ഫികള്‍ yuva.gov.in-Âല്‍ അപ്ലോഡ് ചെയ്യാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ ‘ഹര് ഘര്‍ തിരംഗ അഭിയാന്’ എന്ന പേരില്‍ രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന കാര്യം മോദി അനുസ്മരിച്ചു. ഈ വര്‍ഷവും എല്ലാ വീട്ടിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ, ആളുകള്‍ തങ്ങളുടെ കടമകളും സ്വാതന്ത്ര്യത്തിന്റെ മൂല്യവും തിരിച്ചറിയുമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ എണ്ണമറ്റ ത്യാഗങ്ങളെ ഓര്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യം എപ്പോഴും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ രാവും പകലും അധ്വാനിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളുടെ ഈ കഠിനാധ്വാനവും കൂട്ടായ പരിശ്രമവും മുന്നില്‍ കൊണ്ടുവരാനുള്ള മാധ്യമം മാത്രമാണ് ‘മന് കി ബാത്ത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: