ലാഹോര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിച്ച് കാമുകനായ നസ്റുല്ലയെ വിവാഹം കഴിച്ച അഞ്ജുവിന് സമ്മാനവുമായി പാകിസ്ഥാനിലെ ബിസിനസ് ശ്രംഖല മേധാവി.പാക് സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മൊഹ്സിന്‍ ഖാന് അബ്ബാസിയാണ് വീട് വയ്ക്കാന്‍ ഭൂമിയും 50,000 പാകിസ്ഥാന് രൂപയുടെ ചെക്കും അഞ്ജുവിന് സമ്മാനം നല്‍കിയത്.
‘അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തി ഫാത്തിമയായി ഇസ്ലാം മതം സ്വീകരിച്ചതില്‍ സന്തോഷം.ഈ സമ്മാനങ്ങള്‍ യുവതിയെ സ്വാഗതം ചെയ്യാനും അഭിനന്ദിക്കാനുമാണ്. യുവതിയെ അഭിനന്ദിക്കാനുള്ള എളിയ ശ്രമം മാത്രമാണിത്,’ മൊഹ്സിന്‍ ഖാന് അബ്ബാസി പറഞ്ഞു.
മൊഹ്സിന്‍ ഖാന് അബ്ബാസി അഞ്ജുവിനോടും നസ്റുല്ലയോടും ഇടപഴകുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന വീഡിയോ പാകിസ്ഥാനില്‍ വൈറലാകുകയാണ്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അഞ്ജുവിന് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരാതിരിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. പാകിസ്ഥാന് സ്വന്തമാണെന്ന് യുവതിക്ക് തോന്നണം-മൊഹ്സിന്‍ ഖാന് അബ്ബാസി പറഞ്ഞു.
അതേസമയം രേഖകള്‍ പ്രകാരം അഞ്ജു ഇപ്പോഴും തന്റെ ഭാര്യയായതിനാല്‍ അഞ്ജുവിന് മറ്റാരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു. 2007 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. എന്നാല്‍ ഇനി അമ്മയായി അഞ്ജുവിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മകളെന്നും അരവിന്ദ് പറഞ്ഞു.
ഈ മാസം 20ന് അഞ്ജു സുഹൃത്തുക്കളെ കാണാന്‍ ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീടറിഞ്ഞത് വാഗ വഴി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയെന്നാണ്. തുടര്‍ന്ന് വിവാഹ വാര്‍ത്തയും വീഡിയോയും പുറത്തുവന്നുവെന്ന് അരവിന്ദ് പറഞ്ഞു.
34 കാരിയായ അഞ്ജു, തന്നേക്കാള്‍ അഞ്ച് വയസിന് ഇളപ്പമുളള നസ്റുല്ലയുമായി 2019-ല്‍ ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലായത്. ഇത് ക്രമേണ പ്രണയത്തിലെത്തി.
ഈ മാസം 22ന് വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലെത്തിയ അഞ്ജുവിനെ നസ്റുല്ല റാവല്‍പിണ്ടിയില്‍ വച്ച് സ്വീകരിച്ചു. 30 ദിവസത്തെ വിസയാണ് അനുവദിച്ചിട്ടുളളത്.വിസ കാലാവധി കഴിയുമ്പോള്‍ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നസ്റുല്ല നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് വിവാഹിതരായ വാര്‍ത്തയാണ് പുറത്തുവരുന്നത്.
അതേസമയം അഞ്ജു തങ്ങള്‍ക്ക് മരിച്ചതിന് തുല്യമാണെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്നും യുവതിയുടെ പിതാവ് ഗയാ പ്രസാദ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: