ന്യൂദല്‍ഹി: രാജ്യത്തിന്റെ ഭാഗധേയം മാറ്റാനുളള ശക്തി വിദ്യാഭ്യാസത്തിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഖില ഭാരതീയ ശിക്ഷാ സമാഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കുന്ന ദേശീയ വിദ്യാഭ്യാസ നയം-എന്‍ഇപി 2020, സാമൂഹിക നീതിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഭാഷയുടെ അടിസ്ഥാനത്തിലല്ല വിദ്യാര്‍ത്ഥികളുടെ യോഗ്യതയും കഴിവും വിലയിരുത്തി യഥാര്‍ത്ഥ നീതി പുലര്‍ത്തുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.
അഖില്‍ ഭാരതീയ ശിക്ഷാ സമാഗമത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, വിദ്യാഭ്യാസത്തിന് സംവാദം ആവശ്യമാണെന്നും പ്രഭാഷണത്തിന്റെയും ചര്‍ച്ചയുടെയും പൈതൃകമാണ് ഈ ശിക്ഷാ സമാഗം നടത്തുന്നതെന്നും മോദി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, അധ്യാപകരുടെയും സ്‌കൂളുകളുടെയും പങ്കിനെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയം ദൗത്യമെന്ന രീതിയില്‍ അവര്‍ നടപ്പാക്കിയെന്നും പറഞ്ഞു..
ദേശീയ വിദ്യാഭ്യാസ നയം ഏകീകൃത സംവിധാനം കൊണ്ടുവരുമെന്നും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഉടന്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ സിബിഎസ്ഇ സ്‌കൂളുകളിലും ഒരേ കോഴ്‌സ് ആയിരിക്കും. 22 ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
6707 സ്‌കൂളുകള്‍ക്കായി പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം എസ്എച്ച്ആര്‍ഐ സ്‌കീം) പ്രകാരം 630 കോടിയുടെ ആദ്യ ഗഡുവാണ് ഈ അവസരത്തില്‍ പ്രധാനമന്ത്രി വിതരണം ചെയ്തത്. രാജ്യത്തെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ദേശീയ പാഠ്യ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചടങ്ങില്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പക്ഷപാതപരഹിതവും ഇന്ത്യന്‍ സംസ്‌കാരത്തിന് അംഗീകാരം നല്‍കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: