മസ്കറ്റ് : ഒമാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് പുതിയ നിയമങ്ങൾ ’53/2023′ ന്റെ കീഴിൽ പ്രഖ്യാപിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തിന്റെ “വിഷൻ 2040” പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നിയമ പ്രഖ്യാപനമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഈ ഉത്തരവ് പ്രകാരം തൊഴിലുടമകൾ സ്വദേശിവത്കരണ നയങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധചെലുത്തണം. ഒരു തൊഴിൽ പദവിയിൽ നിയമിക്കപ്പെടുന്നതിനായി യോഗ്യത, വിദ്യാഭ്യാസം എന്നിവയുള്ള ഒമാൻ പൗരനെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുക. ഇത് അനുസരിച്ച് അംഗീകൃത തോത് പ്രകാരമുള്ള സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ട് മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ തൊഴിലിനും ആവശ്യമായ തൊഴില്‍പരമായ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന പരിശോധനകളിൽ വിജയിക്കുന്ന പ്രവാസികൾക്കായിരിക്കും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. രാജ്യത്തെ പ്രവാസി തൊഴിലാളികൾ നിയമപരമായി ഒമാനിലേക്ക് പ്രവേശിച്ചിട്ടുള്ളവരും, ആരോഗ്യവാന്മാരും, രോഗബാധകൾ ഇല്ലാത്തവരും, മതിയായ ലൈസൻസുകൾ ഉള്ള തൊഴിലുടമയുമായി തൊഴിൽ കരാറിലേർപ്പെട്ടിട്ടുള്ളവരുമാകണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമപ്രകാരം, തൊഴിൽ മന്ത്രാലയത്തിൽ അറിയിക്കാതെ തങ്ങളുടെ കീഴിലുള്ള ഒരു തൊഴിലാളിയെ മറ്റൊരു തൊഴിലുടമയ്‌ക്ക് കീഴിലേക്ക് മാറ്റുന്നതിന് തൊഴിലുടമകൾക്ക് അനുമതി ഉണ്ടായിരിക്കില്ലെന്നും പുതിയ നിയമത്തിൽ അനുശാസിക്കുന്നുണ്ട്.
പ്രവാസികളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഈ നിയമത്തിൽ നിരവധി വ്യവസ്ഥകൾ നിഷ്‌കർഷിച്ചിട്ടുണ്ട്. ഓരോ തൊഴിൽ സ്ഥാപനവും അവർ വാർഷികാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വദേശിവത്കരണ തോത്, നടപടിക്രമങ്ങൾ എന്നിവ വെളിപ്പെടുത്തേണ്ടതാണ്. ഈ വിവരങ്ങൾ അവർ സ്ഥാപനത്തിലും, സ്ഥാപനത്തിന്റെ വെബ്സൈറ്റിലും ഉൾപ്പടെ പ്രദർശിപ്പിക്കേണ്ടതാണെന്ന് നിയമത്തിൽ പറയുന്നു.
ഇതിന് പുറമെ സ്ഥാപനങ്ങളിലുള്ള ഒമാൻ പൗരന്മാരുടെ എണ്ണം, അവരുടെ ശമ്പളവിവരങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു റിപ്പോർട്ടും സ്ഥാപനങ്ങൾ നൽകേണ്ടതാണ്. സ്ഥാപനങ്ങളിലെ നേതൃത്വപദവികളിലേക്ക് ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനും, പരിശീലനം നൽകുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്.
തൊഴിലുടമകൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതിയോടെ ഒരു തൊഴിലാളിയെ താത്കാലികമായി മറ്റൊരു തൊഴിലുടമയ്‌ക്ക് കീഴിൽ തൊഴിലെടുപ്പിക്കുന്നതിന് അനുമതി നൽകുന്നതാണ്. ഇത് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവുകൾ കുറയ്‌ക്കുന്നതിന് ഈ നടപടി അവസരമൊരുക്കുന്നുണ്ട്.
തൊഴിൽ കരാറിൽ നിഷ്‌കർഷിച്ചിട്ടുള്ള ഉത്‌പാദനക്ഷമത പ്രകടമാക്കാത്ത തൊഴിലാളികളെ പിരിച്ച് വിടുന്നതിന് തൊഴിലുടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ തൊഴിൽ പരമായ ന്യൂനതകൾ തൊഴിലുടമ അവരെ അറിയിച്ച ശേഷം, ഇത് പരിഹരിക്കുന്നതിന് ആറ് മാസത്തെയെങ്കിലും സമയം അനുവദിച്ച ശേഷം മാത്രമാണ് ഇത്തരത്തിൽ തൊഴിലാളികളെ പിരിച്ച് വിടുന്നതിന് അനുമതിയുള്ളത്.
ഒരു പദവിയിലേക്ക് ആവശ്യമായ തൊഴിൽ നിപുണതയുള്ള ഒമാനി പൗരനെ നിയമിക്കുന്ന അവസരത്തിൽ അതേ പദവിയിൽ ഉണ്ടായിരുന്ന പ്രവാസി ജീവനക്കാരനെ പിരിച്ച് വിടുന്നതിന് സ്ഥാപനത്തിന് അനുമതി ഉണ്ടായിരിക്കുന്നതാണെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: