കുമരകം: കുമരകം ബോട്ട് ദുരന്തത്തിന്റെ 21-ാം വാര്‍ഷിക ദിനാചരണം കുമരകം ഗ്രാമപഞ്ചായത്ത് ഭരണകക്ഷി പ്രഹസനമാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത്. വളരെ വിപുലമായി നടത്തേണ്ട അനുസ്മരണ പരിപാടികള്‍ ഒന്നും നടത്താതെയും, പ്രസിഡന്റ് ഒഴികെയുള്ളവര്‍ പുഷ്പാര്‍ച്ചനയില്‍ പോലും പങ്കെടുക്കാതിരുന്നതിനാലുമാണ് പ്രതിഷേധം ശക്തമാകുന്നത്.
പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്മാരക മന്ദിരത്തിലെ മരിച്ചവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷവും ദുരന്ത ദിനത്തില്‍ കുമരകം ബോട്ട് ജെട്ടിയില്‍ അനുസ്മരന്ന സമ്മേളനവും പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും നടത്തിയിരുന്നു.
ജൂലൈ മാസം പഞ്ചായത്ത് കമ്മറ്റി വിളിച്ച് ചേര്‍ക്കുകയും, ഭരണ സമിതിയിലെ അംഗങ്ങള്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെങ്കിലും, ഇത്തവണ ഇതൊന്നും ഉണ്ടായില്ല. ഭരണ സമിതി ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബോട്ട് ജെട്ടി ഉള്‍ക്കൊള്ളുന്ന പതിനാലാം വാര്‍ഡ് മെമ്പര്‍ പി.കെ.മനോഹരനാണ് സ്മാരകമന്ദിരത്തില്‍ എത്തി വിളക്കും ഫോട്ടോയും വെച്ച് പുഷ്പാര്‍ച്ചനക്കുള്ള സൗകര്യം ഒരുക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
ഇതേ ദിവസം രാവിലെ മുതല്‍ സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന് കുമരകത്ത് ഉണ്ടായിരുന്നു. അടുത്ത വര്‍ഷവും ഭരണകക്ഷി ഈ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വിപുലമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എന്‍. ജയകുമാര്‍, അംഗങ്ങളായ പി.കെ.മനോഹരന്, ശ്രീജാ സുരേഷ്, പി.കെ.സേതു, ദിവ്യാ ദാമോദരന്‍, ജോഫി ഫെലിക്സ്, ഷീമാ രാജേഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: