പാലക്കാട്: ഓട്ടക്കാരന്‍ ഗോവിന്ദനെക്കുറിച്ച് നഗരത്തില്‍ അറിയാത്തവരുണ്ടാവില്ല. ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവാണ് ഓട്ടക്കാരന്‍ ഗോവിന്ദനെന്ന വിശേഷണത്തിന് അര്‍ഹനായത്. അടുത്തകാലം വരെ ഏതു തിരക്കിനിടയിലും തൊപ്പിയും ധരിച്ച് സൈക്കിളില്‍ ഏതാവശ്യത്തിനും നഗരത്തിലെത്താറുള്ള ഗോവിന്ദന്റെ 85-ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുകയാണ്. റെയില്‍വെ ജീവനക്കാരനായിരുന്ന ഗോവിന്ദന്‍ കായികരംഗത്ത് നിരവധി നേട്ടങ്ങളാണ് പഠനകാലത്തും ജോലിക്കിടയിലും ഉണ്ടാക്കിയത്.
ആലപ്പുഴ വാടക്കുഴിയില്‍ നാരായണന്റെയും കാളി കൊച്ചക്കിയുടെയും മകനാണ് ഗോവിന്ദന്‍. കൊമ്മാളി സിഎംഎസ് സ്‌കൂള്‍, ആലപ്പുഴ സനാതനധര്‍മ ഹൈസ്‌കൂള്‍, ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍, കൊറ്റകുളങ്ങര ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഒരണ സമരത്തിലും വിമോജനസമരത്തിലും പങ്കാളിയായിരുന്നു.
1957ല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു തന്റെ കുതിച്ചുചാട്ടത്തിന് തുടക്കംകുറിച്ചത്. 1961ലും 1965ലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും ചാമ്പ്യനായി. ഈ കായികമികവ് അദ്ദേഹത്തിന് കേരളാ പോലീസില്‍ ചേരുവാനുള്ള സന്ദര്‍ഭമായി. എന്നാല്‍ 1966ല്‍ റെയില്‍വെയില്‍ നിയമനം ലഭിച്ചതോടെ തുടര്‍ച്ചയായി നാലുവര്‍ഷം പാലക്കാട് ഡിവിഷണല്‍ ചാമ്പ്യനായിരുന്നു. നിരവധി സോണല്‍ മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്. 1985നുശേഷം വെറ്ററന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ നേടിയ സമ്മാനങ്ങള്‍ ഏറെയാണ്. 1988ല്‍ തായ്‌ലാന്റില്‍ നടന്ന ഏഷ്യന്‍ വെറ്ററന്‍സ് സ്‌പോര്‍ട്‌സ് മീറ്റിലും 1989ല്‍ ബെംഗളൂരുവില്‍ നടന്ന ലോക വെറ്ററന്‍സ് സ്‌പോര്‍ട്‌സ് മീറ്റിലും പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം അവയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
സ്‌പോര്‍ട്‌സിലും ജോലിയിലും ശ്രദ്ധിക്കുന്നതിനോടൊപ്പംതന്നെ സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. കേരള ഹരിജന്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, അംബേദ്കര്‍ യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ സംഘാടകനായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വീനര്‍, പുലയര്‍ മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ കണ്‍വീനര്‍, ഓള്‍ ഇന്ത്യ എസ്‌സി-എസ്ടി റെയില്‍വെ എംപ്ലോയീസ് അസോസിയേഷനിലെ വിവിധ ചുമതലകള്‍ വഹിച്ച ഗോവിന്ദന്‍ ഇപ്പോള്‍ എന്‍സിപിയുടെ ജില്ലാ ജന. സെക്രട്ടറിയാണ്.
ഭരണഘടനാ നിര്‍മാണ സഭയിലെ അംഗവും എംപിയുമായിരുന്ന ദാക്ഷായണി വേലായുധന്‍, സഹോദരനും എംപിയുമായിരുന്ന കെ.കെ. മാധവന്‍ എന്നിവരുടെ കുടുംബാംഗമാണ്. മാത്രമല്ല, ബ്രിട്ടീഷുകാരുടെ കാലത്ത് മട്ടാഞ്ചേരി പാലം നിര്‍മിച്ച കൃഷ്ണാദി ആശാന്റെ കുടുംബവുമാണ്. ചേര്‍ത്തലയിലെ ഐക്കലതിരുമേനി വംശപരമ്പരയില്‍പ്പെട്ട ഇവര്‍ ജസ്റ്റിസ് അന്നാ ചാണ്ടിയുടെ സ്വതന്ത്ര അടിമകളായിരുന്നു ഗോവിന്ദന്റെ കുടുംബം.
ഭാര്യ രാജലക്ഷ്മി ഗോവിന്ദന്‍. മക്കള്‍, ലേഖ (എച്ച്എം, ബിഗ് ബസാര്‍ എച്ച്എസ്എസ്), ഡോ. രേഖ (അസി. പ്രൊഫ. സെയ്ദ് മുഹമ്മദ് കോളേജ്, ലക്ഷദ്വീപ്), ഗൗതം (ചെന്നൈ). ഒലവക്കോട് താണാവ് ഫ്രണ്ട്‌സ് അവന്യുവിലാണ് ഇപ്പോള്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: