എസ്.കെ.
അംഗങ്ങള്‍ക്കിടയില്‍ ഐക്യവും വിട്ടുവീഴ്ചാ മനസ്ഥിതിയുമുണ്ടായാലേ കുടുംബജീവിതം ഭദ്രവും സംതൃപ്തവുമാകൂ. വൈകാരികമായ കൂട്ടായ്മയില്‍ നിന്നു ലഭിക്കുന്ന സുഖവും അനിര്‍വചനീയമാണ്. അതിനെ അവഗണിച്ച് ഏതെങ്കിലും അംഗത്തിന്റെ മനസ്സ് സ്വാര്‍ത്ഥതയിലേക്ക് ഉള്‍വലിയുമ്പോഴാണ് കുടുംബൈക്യം ശിഥിലമാകാന്‍ തുടങ്ങുക. ആന്തരികവും ബാഹ്യവുമായ ദുഷ്പ്രേരണകള്‍ മനസ്സില്‍ സ്വാര്‍ത്ഥതയുടെ മുള
പൊട്ടാന്‍ ഇടയാക്കും. അതുകൊണ്ട് അവയ്ക്കെതിരെ കരുതിയിരിക്കണമെന്ന് രാമായണം ഓര്‍മിപ്പിക്കുന്നു.
കൈകേയിയുടെ മനസ്സിലുണര്‍ന്ന സ്വാര്‍ത്ഥചിന്ത മൂലം ദശരഥന്റെ കുടുംബത്തിലുണ്ടായ വിഷമതകള്‍ വിവരണാതീതമാണ്. അതുവരെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വെണ്മ പ്രസരിച്ചിരുന്ന കൈകേയിയുടെ മനസ്സില്‍ സ്വാര്‍ത്ഥതയുടെ മാലിന്യം നിറയ്ക്കാന്‍ ത്രിവക്രയുടെ ദുഷ്പ്രേരണയ്ക്കായി.
രാമനെ യുവരാജാവായി അഭിഷഷേകം ചെയ്യാന്‍ പോകുന്നുവെന്ന വിവരം ത്രിവക്രയില്‍ നിന്നറിഞ്ഞപ്പോള്‍ കൈകേയി അവര്‍ക്ക് സ്വര്‍ണനൂപുരം സമ്മാനിക്കുന്നു.
”എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്ക നീ
അത്രയുമല്ല ഭരതനേക്കാള്‍ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൗസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം”
എന്നു പറഞ്ഞാണ് രാമാഭിഷേകത്തില്‍ തനിക്കുള്ള അതിയായ സന്തോഷം കൈകേയി ത്രിവക്രയുമായി പങ്കുവയ്ക്കുന്നത്! പക്ഷേ ആ സന്തോഷം അല്പനേരം കൊണ്ട് കടുത്ത ക്രോധവും കൊടിയ സ്വാര്‍ത്ഥതയുമായി! രണ്ടാമതൊന്നാലോചിക്കാതെ, കുലഗുരുവായ വസിഷ്ഠന്റെയോ മുതിര്‍ന്ന കുടുംബാംഗങ്ങളുടെയോ അഭിപ്രായം തേടാതെ അവര്‍ ത്രിവക്രയുടെ പ്രലോഭനങ്ങളില്‍ വീഴുന്നു.
രാമായണത്തിലെ ഈ സന്ദര്‍ഭം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. സ്വസ്ഥമായി മുന്നോട്ടു പോകുന്ന കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവര്‍ നമുക്കു ചുറ്റിലുമുണ്ട്. ഇത്തരം ദുര്ജനങ്ങള് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുമെല്ലാം കൂട്ടത്തിലു
ണ്ടാവാം. ദമ്പതിമാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സംശയം ഉണ്ടാക്കല്‍, സ്വത്തിന്റെ പേരില്‍ തര്ക്കമുണ്ടാക്കല്, രഹസ്യമായി അപവാദം പ്രചരിപ്പിക്കല്‍ എന്നിവ ഇത്തരക്കാരുടെ വിനോദങ്ങളാണ്. തങ്ങളുടെ ദുര്വിചാരങ്ങള് സജ്ജനങ്ങളിലേക്കു പകര്‍ത്താന്‍, അവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. അവരുടെ പ്രേരണകള്‍ക്ക് വശംവദരാകുന്നതിനു മുന്‍പ്, സ്വയം ആലോചിക്കുക, പക്വമതികളുടെ ഉപദേശം തേടുക.
ദുര്ജനങ്ങള് ദുര്‍വിചാരങ്ങളുടെ, ദുഷ്പ്രവൃത്തികളുടെ പ്രതീകങ്ങളാണ്.
”ദുര്ജനസംസര്ഗമേറ്റമകലവേ
വര്ജിക്കവേണം പ്രയത്നേന സല്പുമാന്
കജ്ജളം പറ്റിയാല്‍ സ്വര്‍ണവും നിഷ്പ്രഭം”
എന്ന് രാമായണകര്‍ത്താവ് ഓര്മിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. സമൂഹത്തിന്റെ എല്ലാ തുറകളിലും ദുര്ജനങ്ങള് പെരുകിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജീവിതമൂല്യങ്ങളോട് അവര്‍ക്ക് പുച്ഛവും പരിഹാസവുമാണ്.
കൈകേയിയുടെ സ്വാര്‍ത്ഥത ദശരഥന്റെ കുടുംബത്തിലെ ഐക്യം തകരാനിടയാക്കുന്നു. ശ്രീരാമന്റെ ത്യാഗം ആ ഐക്യം വീണ്ടെടുക്കുന്നു. വെട്ടിപ്പിടിക്കല് മാത്രമല്ല ജീവിത വിജയത്തിനടിസ്ഥാനം. വിട്ടുകൊടുക്കലും മാതൃകാകുടുംബജീവിതത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: