കോട്ടയം: ദേശീയപാതയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ഹ്രസ്വകാല നടപടികളിലൂടെ മെച്ചപ്പെടുത്താന്‍ നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ. സംസ്ഥാന പോലീസോ ജില്ലാ റോഡ് സുരക്ഷാ സമിതിയോ കണ്ടെത്തിയ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ (ബ്ലാക്ക് സ്പോട്ടുകള്‍) സുരക്ഷ മെച്ചപ്പെടുത്താനാണ് പദ്ധതി.
സീബ്രാ ക്രോസിങുകള്‍, ക്രാഷ് ബാരിയറുകള്‍, കാല്‍നടയാത്രക്കാര്‍ക്കായി ഗാര്‍ഡ് റെയിലുകള്‍ എന്നിവ സ്ഥാപിക്കലാണ് ഹ്രസ്വകാല പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നത്. ബ്ലാക്ക് സ്പോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍മാര്‍ക്കാണ് ചുമതല. ഒരു സ്ഥലത്തിന് പരമാവധി 10 ലക്ഷം രൂപവരെ അനുവദിക്കും. ഇതോടൊപ്പം 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ചെലവുവരുന്ന ഹ്രസ്വകാല നടപടികള്‍ക്കുള്ള അധികാരവും ബന്ധപ്പെട്ട മേഖല ഓഫീസിന് നല്‍കിയിട്ടുണ്ട്.
റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം വിജ്ഞാപനം ചെയ്ത ബ്ലാക്ക് സ്പോട്ടുകള്‍ ഒരെണ്ണത്തിന് 25 ലക്ഷം രൂപ വരെ ചെലവില്‍ ഹ്രസ്വകാല നടപടികളിലൂടെ പരിഹരിക്കുന്നതിന് പ്രോജക്ട് ഡയറക്ടര്‍മാര്‍ക്ക് അംഗീകാരം നല്‍കാമെന്ന എന്‍എച്ച്എഐയുടെ മുന്‍ നിര്‍ദേശങ്ങള്‍ക്ക് പുറമേയാണ് ഇപ്പോഴത്തെ നടപടി.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദേശീയ പാതയില്‍ 2021ല്‍ രാജ്യത്ത് 4.22 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 1.73 ലക്ഷം പേര് മരണപ്പെട്ടു. 2018ല്‍ 1,40843, 2019ല്‍ 1,37,191, 2020ല്‍ 1,16,496 അപകടങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ദേശീയപാതയില്‍ 2018ല്‍ 9161, 2019ല്‍ 9459, 2020ല്‍ 6494 അപകടങ്ങള്‍ ഉണ്ടായി. ദേശീയപാതയില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി അഞ്ച് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലാണ് ആ പ്രദേശത്തെ ബ്ലാക്ക് സ്പോട്ടായി പരിഗണിക്കുന്നത്.
കേരളത്തില്‍ 2023 ഫെബ്രുവരിയിലെ കണക്കുപ്രകാരം 323 ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. 2021ലെ കണക്കു പ്രകാരം രാജ്യത്ത് 5803 ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍, 748. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലവും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും ഹൈവേയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളുമാണ് അപകടങ്ങള്‍ക്ക് കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: