ന്യൂദല്‍ഹി: ഇന്ത്യയുടെ സംരംഭങ്ങള്‍ക്ക് കരുത്തേകുന്നത് ജനങ്ങളുടെ പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃതസരോവര പദ്ധതി വഴി, ഒരു വര്‍ഷത്തിനുള്ളില്‍ 63,000-ത്തിലധികം ജലാശയങ്ങളാണ് ഇന്ത്യ ഇങ്ങനെ വികസിപ്പിച്ചത്. സാമൂഹ്യ പങ്കാളിത്തത്തോടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ദൗത്യം നടപ്പാക്കിയത്.
ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 2,50,000 പുനരുപയോഗ, റീചാര്‍ജ് സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിച്ചത്. ജലം സംരക്ഷിക്കാന്‍ 2,80,000-ലധികം ജലസംഭരണികളും നിര്‍മിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
തിരുവള്ളുവരെ ഉദ്ധരിച്ച് മോദി
”ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തില്‍ തിരികെ നല്‍കിയില്ലെങ്കില്‍ സമുദ്രങ്ങള്‍ പോലും ചുരുങ്ങും” – രണ്ടായിരം വര്‍ഷം മുമ്പുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിച്ചു: ”നദികള്‍ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങള്‍ സ്വന്തം ഫലങ്ങള്‍ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങള്‍ അവയുടെ ജലത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നല്കുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണം പ്രധാനമന്ത്രി പറഞ്ഞു. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണ്.
‘ഇന്ത്യ ജൈവവൈവിധ്യമുള്ള രാജ്യമാണ്’, പ്രോജക്റ്റ് ടൈഗറിന്റെ ഫലമായി ലോകത്തിലെ 70 ശതമാനം കടുവകളും ഇന്ന് ഇന്ത്യയിലാണ് കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി മാതാവിനോടുള്ള നമ്മുടെ കടമകള്‍ മറക്കരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: