തിരുവനന്തപുരം:അരുണ്‍കുമാറിന് രണ്ടാമതും ചാനല്‍ അവതാരക ജോലി മടുത്തുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ട്വന്‍റിഫോര്‍ ന്യൂസിലെ ജോലി രാജിവെച്ച് കേരള സര്‍വ്വകലാശാലയില്‍ അധ്യാപക ജോലിയില്‍ തിരികെ പ്രവേശിച്ച അരുണ്‍കുമാര്‍ ഈയിടെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖ്യമുഖമായി അവിടെ വാര്‍ത്താ അവതാരകനായി വീണ്ടും ജോലിയില്‍ കയറിയത്. ഇപ്പോള്‍ ആ ജോലിയും മടുത്ത അരുണ്‍കുമാര്‍ വീണ്ടും കേരള സര്‍വ്വകലാശാലയിലെ അധ്യാപക ജോലി തിരിച്ച് ചോദിച്ച് കത്തയച്ചിരിക്കുകയാണ്.
അധ്യാപക ജോലി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് കിട്ടിയതായി കേരള സര്‍വ്വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജോലി എളുപ്പം തിരികെ നല്‍കാനാവില്ലെന്നതാണ് കേരള സര്‍വ്വകലാശാലയുടെ തലവേദന.
കാരണം തന്റെ അധ്യാപക ജോലി രാജിവെച്ചാണ് അരുണ്‍കുമാര്‍ വീണ്ടും ചാനല്‍ മുഖമാകാന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് പോയത്. ജൂണ്‍ അഞ്ചിന് അരുണ്‍കുമാര്‍ രാജിവെച്ചതായി പറയുന്നു. കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റാണ് ഈ രാജി അംഗീകരിച്ചത്. ഇപ്പോള്‍ പുതിയ ചാനലില്‍ കയറി ഒരുമാസം ആകുമ്പോഴേക്ക് വീണ്ടും തനിക്ക് പഴയ അധ്യാപകജോലി തിരിച്ച് തരാന്‍ ആവശ്യപ്പട്ടിരിക്കുകയാണ് അരുണ്‍കുമാര്‍ .
മനസ്സ് പൂര്‍ണ്ണായും അര്‍പ്പിക്കാതെ നല്‍കിയതാണ് രാജിക്കത്തെന്നും തന്റെ രാജി പിന്‍വലിച്ച് വീണ്ടും ജോലിക്ക് കയറാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 10നാണ് അരുണ്‍കുമാര്‍ രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ അയച്ചത്. അരുണ്‍കുമാറിന്റെ ഈ അപേക്ഷ ഇപ്പോള്‍ വിസിയുടെ പക്കലാണ്. രാജിവെച്ച് പോയ ഒരാളെ തിരികെ ജോലിക്കെടുത്താന്‍ അത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്നതിനാല്‍ വിസി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. മാത്രമല്ല, ഗവര്‍ണറും രാജിവെച്ചയാളെ തിരിച്ചെടുക്കാനുള്ള നീക്കത്തെ എതിര്‍ത്തേയ്‌ക്കും.
എന്താണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വീണ്ടും അധ്യാപക ജോലിയിലേക്ക് പോകാന്‍ അരുണ്‍കുമാറിനെ പ്രേരിപ്പിക്കുന്നതെന്ന് അറിയുന്നില്ല. ട്വന്‍റി ഫോര്‍ ന്യൂസില്‍ നിന്നും അരുണ്‍കുമാര്‍ രാജിവെച്ചത് ഒരേസമയം സർവ്വകലാശാലയിലും ന്യൂസ് ചാനലിലും ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചതോടെയാണ്. കാരണം കേരള സര്‍വ്വകലാശാലയില്‍ അധ്യാപകനായി പ്രൊബേഷനില്‍ ജോലി ചെയ്യുമ്പോള്‍ അവധിയെടുത്ത് ദീര്‍ഘകാലം പുറത്ത് ജോലി ചെയ്യാന്‍ സര്‍വ്വകലാശാല അനുവദിക്കില്ല. ഇത് വിവാദമായതോടെയാണ് അരുണ്‍കുമാര്‍ ട്വന്‍റിഫോര്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: