സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണല്ലോ ഇത്. പ്രകൃതിയെ സ്ത്രീയായും സ്ത്രീയെ പ്രകൃതിയായും കണ്ട് ആദരിക്കാന്‍ പഠിപ്പിച്ച നമ്മുതടെ സംസ്കാരത്തെ അറിയാത്തവരാണതിനു പുറപ്പെടുന്നത്. സ്ത്രീയെ ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. അവള് എന്നും ശക്തയായിരുന്നു. സ്ത്രീ അബലയാകുന്നതു ശാരീരികമായി മാത്രം. മനശ്ശക്തിയിലും ബുദ്ധിശക്തിയിലും ഇന്ദ്രിയശക്തിയിലും സ്ത്രീ എന്നും പുരുഷന്മാര്ക്കൊപ്പം തന്നെ നിന്നിട്ടുണ്ട്. സീത, ഊര്‍മിള തുടങ്ങിയ കഥാപാത്രങ്ങളിലൂടെ രാമായണം അതു കാണിച്ചു തരുന്നുമുണ്ട്.
സ്ത്രീക്കും പുരുഷനുമായി പ്രകൃതി വീതംവച്ചതില്‍ തങ്ങള്‍ക്കു കിട്ടിയ ചുമതലകളുടെ പൂര്‍ത്തീകരണത്തിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച ശക്തിയെ വെല്ലാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ചാരിത്രശുദ്ധിയും പാതിവ്രത്യവും കുടുംബിനിയുടെ നിയോഗവും സ്ത്രീകള്‍ക്കു തപസ്യയാണ്. അതിലൂടെ ആര്‍ജിക്കുന്ന ശക്തി നിഗ്രഹത്തിനും അനുഗ്രഹത്തിനും ശക്തി നല്‍കും. സന്മാര്ഗത്തില് ഉറച്ച മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് സ്ത്രീയുടെ ശക്തി. അതു തിരിച്ചറിയുമ്പോഴാണു അവള് കരുത്ത് ആര്‍ജിക്കുന്നത്. അര്‍ധനാരീശ്വര സങ്കല്പം സ്ത്രീപുരുഷ സമത്വത്തിലേയ്ക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്.
സ്ത്രീകളേയും പുരുഷന്മാരെയും ശാരീരികമായും മാനസികമായും ബൗദ്ധികമായും പ്രകൃതി വേര്‍തിരിച്ചിട്ടുണ്ടെന്നു പറയുന്നതിനര്‍ഥം സ്ത്രീയ്ക്കു ബുദ്ധിയും മനശ്ശക്തിയും ഇല്ലെന്നല്ല. അവരുടെ ചിന്തകള്‍ക്കു വ്യത്യാസമുണ്ടെന്നു മാത്രം. മനശ്ശക്തിയിലും ഇന്ദ്രിയ ശക്തിയിലും അവര്‍ അബലകളല്ല. രാമായണത്തില്‍ രാമന്റെ യാത്രകള്‍ക്കൊപ്പം എന്നും സീതയുണ്ടായിരുന്നു. ആ സാന്നിദ്ധ്യം രാമന് മനശ്ശക്തി പകര്ന്നിട്ടുണ്ടാവും. ഒപ്പം, രാമന്റെ തണലില്‍ കാനനത്തില്‍പ്പോലും സീതയ്ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുമുണ്ടാകും. അഗ്നിപ്രവേശം ചെയ്തിട്ടും സീതയെ തൊടാതെ അഗ്നി മാറി നിന്നില്ലേ? ലങ്ക കത്തിയെരിഞ്ഞപ്പോഴും അശോക വനത്തിലിരുന്ന സീതയെ തൊടാന്‍ അഗ്നിക്കായില്ലല്ലോ.
ലക്ഷ്മണന്റെ കാര്യമോ? വനവാസകാലത്തു ലക്ഷ്മണന് കാട്ടില്‍ ഒറ്റയ്ക്കായിരുന്നില്ലേ? അല്ലെന്നു പറയേണ്ടിവരും. ഇവിടെയാണ്, സീതയുടെ നിഴലില്‍ മറഞ്ഞുനില്‍ക്കുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രം തെളിഞ്ഞുവരുന്നത്. അകലെയിരുന്നു മനസ്സുകൊണ്ട് ലക്ഷ്മണനെ പിന്തുടര്‍ന്ന ഭാര്യ ഊര്‍മിളയാണത്. ഓരോ ചുവടിലും ലക്ഷ്മണനൊപ്പം ഊര്‍മിളയുണ്ടായിരുന്നു. രമായണത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം ഊര്‍മിളയല്ലേ എന്നു സംശയം തോന്നിപ്പോകും. സീതയ്ക്ക് കാട്ടിലും ഭര്‍ത്താവിന്റെ സാമീപ്യവും സംരക്ഷണവുമുണ്ടായിരുന്നു. അയോധ്യയില്‍ മാണ്ഡവിക്കും ശ്രുതകീര്‍ത്തിയ്ക്കും ഭര്ത്താക്കന്മാരായ ഭരതനും ശത്രുഘ്നനും തൊട്ടടുത്തുണ്ടെന്ന ആശ്വാസമുണ്ടായിരുന്നു. ഊര്‍മിളയാകട്ടെ കൊട്ടാരത്തില്‍ ഒറ്റയ്ക്കായിരുന്നു. നിറഞ്ഞു തുളുമ്പുന്ന യൗവനം. ജ്വലിച്ചു നില്ക്കുന്ന സൗന്ദര്യം. എന്നിട്ടും മനസ്സു കടുകിട പതറിയില്ല. സുഖസൗകര്യങ്ങളും സമ്പല്‍സമൃദ്ധിയും മാറ്റിവച്ച് തപസ്സിനു തുല്യമായ ജീവിതം നയിച്ച ഊര്‍മിളയുടെ ശരീരം മാത്രമായിരുന്നു അന്തപ്പുരത്തിലും തേവാരപ്പുരയിലും മറ്റും സഞ്ചരിച്ചത്. മനസ്സും ആത്മാവും ഓരോ നിമിഷവും കാട്ടില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. ആധുനിക ശാസ്ത്രം ടെലിപ്പതിയെന്നോ ബൈലൊക്കേഷന് എന്നോ ഒക്കെ വിശേഷിപ്പിക്കുന്ന പ്രതിഭാസമായിരിക്കാം.
ഊര്‍മിള തന്റെ തപശ്ശക്തി ഉപയോഗിച്ചതു ഭര്‍ത്താവിന്റെ രക്ഷയ്ക്കായിരുന്നു. ജ്യേഷ്ഠന്റേയും ജ്യേഷ്ഠപത്നിയുടേയും സംരക്ഷണത്തിനായി 14 വര്‍ഷം, ഉറക്കം പോലും വെടിഞ്ഞു രാപ്പകല്‍ കാവല്‍ നിന്നിട്ടും ലക്ഷ്മണന് ക്ഷീണമറിഞ്ഞില്ല. ഊര്‍മിളയുടെ തപശക്തി ലക്ഷ്മണനില്‍ ഊര്‍ജം നിറച്ചുകൊണ്ടിരുന്നു. ഇന്ദ്രജിത്തുമായുള്ള ജീവന്മരണ പോരാട്ടമാണ് ആ യാത്രയില്‍ ലക്ഷ്മണന് നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം. നൂല്പാലത്തിലൂടെയുള്ള യാത്രയായിരുന്നു അത്. ആ യുദ്ധത്തിലെ ലക്ഷ്മണന്റെ വിജയവും ഇന്ദ്രജിത്തിന്റെ വീഴ്ചയുമാണ് രാവണന്റെ പതനത്തിനു തുടക്കമിട്ടത്. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പരാജയം യാഥാര്‍ഥ്യമാവുകയും അത് ഇന്ദ്രജിത്തിന്റെ ജീവനെടുക്കുകയും ചെയ്തപ്പോള്‍ രാവണന് മനസ്സുകൊണ്ടു തോറ്റു തുടങ്ങി. ആ പോരില്‍ ലക്ഷ്മണന് പടച്ചട്ടയേക്കാള്‍ ശക്തമായ സംരക്ഷണം നല്‍കിയത് ഊര്‍മിളയുടെ തപശ്ശക്തി നല്കിയ കവചമായിരിക്കണം.
ഓര്‍ത്തു നോക്കൂ. സീത നിഴല്‍ പോലെ രാമനെ പിന്തുടര്ന്നു. ഊര്‍മിള അകലെയിരുന്നു മനസ്സുകൊണ്ട് അതു ചെയ്തു. അങ്ങനെ രാമന്റേയും ലക്ഷ്മണന്റേയും വിജയങ്ങള്‍ സീതയുടേയും ഊര്‍മിളയുടേയും വിജയം കൂടിയായി. അര്‍ഥനാരീശ്വര സങ്കല്പം എത്ര മഹത്തരം! എത്ര അര്‍ഥപൂര്‍ണം!
(99463 56572)
പ്രതികരിക്കാൻ ഇവിടെ എഴുതുക: