മെഡിക്കൽ കോളേജ് : ആർസിസിയിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചിട്ടുള്ള ഇൻസിനേറ്ററിന്റെ പുക കുഴൽ ഒടിഞ്ഞ് വീണ് വാഹനം തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ആർസിസിയിലെ പിജി ഡോക്ടറുടെ ഉമസ്ഥതയിലുള്ള കാറിന്റെ ഡിക്കി ഭാഗമാണ് തകർന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ശക്തമായുള്ള കാറ്റിലാണ് മുപ്പതോളം മീറ്റർ ഉയരമുള്ള പുക കുഴൽ തകർന്നത്. പുക കുഴലിനെ ചുറ്റി ഇരുമ്പിൽ നിർമ്മിത രക്ഷാകവചമുൾപ്പെടെയാണ് തകർന്നത്. കുറ്റിക്കാടിന് ചേർന്ന് വീണതു കൊണ്ട് വൻ ദുരന്തം ഒഴിവായി. വീഴ്ചയിൽ ദിശ അല്പം മാറിയിരുന്നെങ്കിൽ നിരവധി വാഹനങ്ങളും ആൾക്കാരും അപകടത്തിൽപ്പെടുമായിരുന്നു. പുക കുഴൽ തുരുമ്പ് പിടിച്ച് ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. കൃത്യമായി അറ്റകുറ്റപണി നടത്തിയിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്ത് വർഷം മുമ്പ് തെർമ്മോട്രീറ്റ് എന്ന കമ്പനിയാണ് ഇൻസിനേറ്റർ സ്ഥാപിച്ചത്. വർഷം തോറും കൃത്യമായി പരിശോധന അറ്റകുറ്റപണി നടത്തണമെന്നതും വ്യവസ്ഥയായിരുന്നു. എന്നാൽ ഇതുവരെ ആശുപത്രി അധികൃതർ അറ്റകുറ്റപണി നടത്താൻ തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പ് തുരുമ്പ് പിടിച്ച് പുക കുഴലിലുണ്ടായ ദ്വാരത്തിൽ ഇൻസിനേറ്ററിൽ നിന്നുള്ള തീ പുറത്തേയ്‌ക്ക് വന്നിരുന്നു. ഈ സമയത്ത് നാട്ടുകാരുടെ പരാതിയിൽ പുക കുഴൽ അറ്റകുറ്റപണി നടത്താൻ ഒരുങ്ങിയെങ്കിലും പിന്നീട് നിലയ്‌ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കരാറുകാരിൽ നിന്ന് ട്രെൻഡർ വരെ വാങ്ങിച്ചു. രണ്ട് ലക്ഷത്തോളം രൂപയാണ് കരാർ തുകയായിരുന്നതെന്നാണ് പറയുന്നത്. എന്നാൽ കരാറിന് അനുമതി നൽകാൻ തയ്യാറാകാതെ കരാർ രേഖകൾ അധികൃതർ മുക്കി താഴ്‌ത്തുകയാണുണ്ടായതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: