രാഗേഷ് മരുതാടന്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് തടസമാകുന്നത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം. റിസ (റണ്‍വെ ആന്‍ഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നല്കാന് കേന്ദ്രസര്‍ക്കാര്‍ നല്കിയ സമയപരിധി അടുത്തെത്തിയിട്ടും ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മന്ത്രി വി. അബ്ദുറഹ്മാന് ഭൂമി ഏറ്റെടുപ്പിന്റെ ഏകോപനചുമതല നല്‍കിയിട്ടുണ്ടെങ്കിലും സമയപരിധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകില്ല. സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമില്ല. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കാമെന്നാണ് ജൂലൈ ഏഴിന് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.
2020 ആഗസ്ത് ഏഴിന് കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായതിന് ശേഷമാണ് റിസ വികസിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാദേശികമായി എതിര്‍പ്പുയര്‍ത്തുന്നത് മുസ്ലിം ലീഗടക്കമുള്ള സംഘടനകളാണ്. എത്രകോടി രൂപ കിട്ടിയാലും ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. അതേസമയം വിമാനത്താവള വികസനസംരക്ഷണയാത്രയുടെ മുന്‍പന്തിയില്‍ ഇടതു-വലതുമുന്നണികളിലെ എംഎല്‍എമാരുമുണ്ട്.
കഴിഞ്ഞ ദിവസം എംപിമാരില്‍ ചിലര്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്കിയാല് റണ്‍വേ നീളം കുറക്കില്ലെന്ന അനുഭാവ മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കൃത്യസമയത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേയുടെ നീളം കുറച്ച് റിസയുടെ നീളം വര്‍ധിപ്പിക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റു മാര്‍ഗമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: