തിരുവനന്തപുരം: വ്യത്യസ്തമായ കാഴ്ചപ്പാട് നല്കിയും ഭാവാത്മക സമീപനത്തിലൂടെയും മദന്‍ദാസ് ദേവി എബിവിപിയെ ശക്തിപ്പെടുത്തിയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. എബിവിപി മുന്‍ ദേശീയ സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹുമായ മദന്‍ദാസ് ദേവിയുടെ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരനാണെന്നതാണ് അദ്ദേഹം നല്കിയ മാര്‍ഗദര്‍ശനം. അഴിമതിക്കെതിരായി യുവാക്കളെ അദ്ദേഹം അണിനിരത്തി. സ്വന്തം ജീവിതത്തിലൂടെ ദിശാബോധം നല്കി. ഒരു പ്രചാരകന്റെ ജീവിതത്തിലെ കണിശത എന്താണെന്ന് കാട്ടി മറ്റുള്ളവര്‍ക്ക് മാതൃകയായി. നിശബ്ദമായി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. നിരവധി പേരെ പൊതുമണ്ഡലത്തിന്റെ ഉന്നതിയില്‍ എത്തിച്ചു, സേതുമാധവന്‍ പറഞ്ഞു.
പ്രവര്‍ത്തകരുടെ കാര്യശേഷിയിലും സ്വഭാവരൂപീകരണത്തിനും മദന്‍ദാസ്‌ദേവി കൂടുതല്‍ ശ്രദ്ധ നല്കിയിരുന്നുവെന്ന് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ അനുസ്മരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കാണുന്ന മാറ്റത്തിന് അടിസ്ഥാനം അദ്ദേഹം വിഭാവനം ചെയ്ത സ്റ്റുഡന്റ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിങ് (എസ്ഇഐഎല്‍)പോലുള്ള പ്രവര്‍ത്തനങ്ങളാണ്. പതിനെട്ടാംവയസില്‍ വോട്ടവകാശം, രാജ്യം അണു ബോംബ് നിര്‍മിക്കണം അടക്കമുള്ള ആവശ്യങ്ങള്‍ എബിവിപി ഉയര്‍ത്തുന്നത് മദന്‍ദാസ് ദേവിയുടെ മാര്‍ഗദര്‍ശനത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
മദന്‍ദാസ് ദേവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. എബിവിപി സംസ്ഥാന പ്രസിഡന്റ് ഡോ. അരുണ്‍ കടപ്പാള്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, സഹ പ്രാന്ത പ്രചാരക് വി. അനീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, എബിപിവി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: