ന്യൂദല്‍ഹി: ജല്‍ജീവന്‍ മിഷന് പദ്ധതി നടത്തിപ്പില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ താഴെ. 70.84 ലക്ഷം വീടുകളില്‍ പൈപ്പ് വഴി കുടിവെള്ളം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. ഇതില്‍ 35.29 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷന് നല്‍കാനായത്. അതായത് 49.84%.
ദേശീയ ശരാശരി 64.90% ആണെന്ന് ജല്‍ശക്തി വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ലോക്സഭയില്‍ അറിയിച്ചു. പദ്ധതി നിര്‍വഹണം വേഗത്തിലാക്കി കാലാവധിയായ 2024നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2019 ആഗസ്തില്‍ ജല്‍ ജീവന് മിഷന്റെ പ്രഖ്യാപന സമയത്ത് രാജ്യത്തെ 3.23 കോടി (17%) ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് പൈപ്പ് വഴി ശുദ്ധജലം ലഭിച്ചിരുന്നത്.
2023 ജൂലൈ 24 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 9.40 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ജല്‍ ജീവന് മിഷന് കീഴില്‍ അധികമായി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള 19.46 കോടി ഗ്രാമീണ കുടുംബങ്ങളില്‍, 12.63 കോടി (64.90%) കുടുംബങ്ങള്‍ക്ക് പൈപ്പ് വഴി ശുദ്ധജലം എത്തിച്ചുകഴിഞ്ഞു. 2024ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനായി സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയുമായി സഹകരിച്ച് 2019 ആഗസ്ത് മുതലാണ് കേന്ദ്രസര്‍ക്കാര്‍ ജല്‍ ജീവന് മിഷന് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: