കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളിലെ അന്വേഷണത്തോട് തൃണമൂല്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് എന്‍ഐഎ അന്വേഷണം തുടങ്ങിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിസ്സഹകരിക്കുകയാണെന്ന് ജസ്റ്റിസ് ജോയ് സെന്‍ഗുപ്തയുടെ ബെഞ്ചില്‍ എന്‍ഐഎ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഹൗറയിലെ ശിവ്പൂര്‍, ഹൂഗ്ലിയിലെ റിഷാര-ചന്ദനഗര്‍, നോര്‍ത്ത് ദിനാജ്പൂരിലെ ദല്‍ഖോല എന്നിവിടങ്ങളില്‍ രാമനവമി ഘോഷയാത്രയ്ക്കെതിരെ ആസൂത്രിത ആക്രമണം നടന്നിരുന്നു. ഏപ്രില്‍ 27ന് കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എന്‍ഐഎയ്ക്ക് കൈമാറാന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പൊതുതാത്പര്യ കേസുകളില്‍ എന്‍ഐഎയ്ക്ക് അന്വേഷണം നല്‍കാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. പക്ഷേ എന്‍ഐഎ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: