ശ്രീനഗര്‍: മുപ്പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കശ്മീരില്‍ ഇസ്ലാംമത വിശ്വാസികള്‍ മുഹറം ആഘോഷിച്ചു. മതഭീകരതയുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമാണ് മുഹറത്തിന് ഘോഷയാത്ര നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് മത പണ്ഡിതന്മാര്‍ പറയുന്നു.
കനത്ത സുരക്ഷയിലാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ലാല്‍ ചൗക്ക് വഴി നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്ന മുഹറം റാലി കടന്നുപോയത്. ഇന്നലെ രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് പരമ്പരാഗത പാതയിലൂടെ ഘോഷയാത്ര നടന്നത്. 1989ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ മുഹറം ആഘോഷിക്കുന്നത്.
മുഹറം ആഘോഷിക്കാനുള്ള ഇസ്ലാം മതവിശ്വാസികള്‍ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥനയ്‌ക്ക് ബുധനാഴ്ചയാണ് ജമ്മുകശ്മീര്‍ ഭരണകൂടം അനുമതി നല്കിയത്. എല്ലാ മതച്ചടങ്ങുകളും മറയാക്കി ഭീകരസംഘടനകള്‍ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഹറം ആഘോഷം മേഖലയില്‍ വിലക്കിയിരുന്നത്. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും മുഹറം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്ര ഗുരുബസാറില്‍ നിന്ന് പുറത്തേക്ക് പാടില്ലെന്ന നിബന്ധനയോടെയാണ് ഭരണകൂടം അനുമതി നല്കിയത്.
ഗുരു ബസാര്‍ മുതല്‍ ദല്‍ഗേറ്റ് വഴി ലാല്‍ ചൗക്കിലേക്കുള്ള പരമ്പരാഗത പാതയിലായിരുന്നു നൂറുകണക്കിന് ഷിയാ മുസ്ലീം മതവിശ്വാസികള്‍ അണിനിരന്ന ഘോഷയാത്ര നടന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഷിയ മുസ്ലീം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക സമിതികളുമായും ഭരണകൂടം നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഘോഷയാത്രയ്‌ക്ക് അനുമതി നല്കിയത്.
അതേസമയം മുഹറം ആഘോഷത്തെ മുന്‍നിര്‍ത്തി ലാല്‍ചൗക്കില്‍ ഒരു ദിവസം മുമ്പ് തന്നെ സേനയെ വിന്യസിച്ചുവെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ഭരണാനുമതിയുള്ള ഘോഷയാത്ര ഒഴികെ, ഒറ്റയ്‌ക്കോ കൂട്ടായോ മറ്റേതെങ്കിലും ഘോഷയാത്ര നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് നേരത്തെ അറിയിപ്പ് നല്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: