കോട്ടയം: കുളവി ശല്യം കാരണം ജില്ലയിലെ തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. കൂട്ടമായെത്തുന്ന കുളവികള്‍ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ് കാലം. ഒക്ടോബര്‍ വരെ തേനീച്ച പരിപാലന കാലമാണ്.
പഞ്ചസാര ലായനി നല്കിയുള്ള പരിപാലനം തന്നെ ചിലവേറിയതാണ്. ഈ സാഹചര്യത്തിലാണ് മുന്‍പെങ്ങുമില്ലാത്ത വിധം കുളവി ശല്യവും രൂക്ഷമായിരിക്കുന്നതെന്ന് തേനിച്ച കര്‍ഷകനായ ജോയിസ് ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു. കുളവികളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമില്ലെന്നതും കര്‍ഷകരെ അലട്ടുന്നു. കോട്ടയം, പാല, കറുകച്ചാല്‍, മണിമല, പാമ്പാടി, മുണ്ടക്കയം പ്രദേശങ്ങളിലാണ് തേനീച്ച കര്‍ഷകര്‍ കൂടുതലായുള്ളത്. ഈ വര്‍ഷം തേനുത്പാദനവും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.
റബ്ബര്‍ തോട്ടങ്ങളിലാണ് തേനീച്ച കൂടുകള്‍ കൂടുതലായും സ്ഥാപിക്കാറുള്ളത്. റബ്ബര്‍ പൂക്കുന്ന സമയമാണ് തേന്‍ ഉത്പാദനത്തിന് അനുകൂലം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബര്‍ മരങ്ങള്‍ പൂക്കാത്തതും ഇലകള്‍ തളിരിടാത്തതും തേന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ തേന്‍ എത്തുന്നതും തേനീച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 40 ശതമാനം പേര്‍ ഈ മേഖല ഉപേക്ഷിച്ചുവെന്നാണ് കണക്ക്.
പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന തേനിച്ച കര്‍ഷകരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഹോര്‍ട്ടികോര്‍പ്പ്, ഖാദി ബോര്‍ഡ് മുഖേനയുള്ള തേന്‍ സംഭരണം കാര്യക്ഷമമല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഒരു തേനീച്ച പെട്ടി സ്ഥാപിക്കുന്നതിന് തന്നെ കര്‍ഷകന് ഏകദേശം 25003000 രൂപ ചിലവുണ്ട്. മഴക്കാലത്ത് തേനീച്ച പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര എന്നാണ് കണക്ക്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്താണ് തീറ്റ നല്കുന്നത്.
അനുകൂല കാലവസ്ഥയാണെങ്കില്‍ ഒരു പെട്ടിയില്‍ നിന്ന് ഏകദേശം 30 കിലോ തേന്‍ ലഭ്യമാകും. ഒരു കിലോ വന്‍ തേനിന് 300, 400 രൂപയും ചെറുതേനിന് 2500, 3000 രൂപയുമെന്ന നിരക്കിലായിരുന്നു വിപണനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സ്ഥിതിക്കും മാറ്റമുണ്ടായി. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തേനീച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായം ലഭിച്ചെങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുവെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: