ന്യൂദല്‍ഹി: ഗാന്ധിനഗറില്‍ നാളെ (ജൂലൈ 28) ആരംഭിക്കുന്ന ദ്വിദിന സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് മാധ്യമങ്ങളോട് സംവദിച്ചു. സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് നാളെ (ജൂലൈ 28) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
മൈക്രോണ്‍ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയല്‍സ്, ലാം റിസര്‍ച്ച് തുടങ്ങിയ അന്താരാഷ്ട്ര അര്‍ദ്ധചാലക വ്യവസായത്തിലെ പ്രമുഖരുടെ പങ്കാളിത്തത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതിലും ലോകത്തെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളിലൊന്നായി രാജ്യത്തെ മാറ്റുന്നതിലും നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റങ്ങളെ ഇലക്ട്രോണിക്സ് മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ഊന്നിപ്പറഞ്ഞു.
ആഗോള അര്‍ദ്ധചാലക വ്യവസായത്തില്‍ ഇന്ത്യയ്ക്ക് നിലവിലുള്ള സാധ്യതകളെക്കുറിച്ചും അത് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയില്‍ പന്തുരുളുന്നതിനുള്ള കളം സജ്ജമാക്കിയിട്ട് 19 മാസമാവുന്നു.
രാഷ്ട്രീയ വീക്ഷണത്തിന്റെയും തന്ത്രങ്ങളുടെയും അഭാവവും കഴിവില്ലായ്മയും മൂലം പതിറ്റാണ്ടുകളായി നഷ്ടമായ അവസരങ്ങള്‍ നമുക്കുണ്ടായിരുന്നു. അത് ഇന്ത്യയെ അര്‍ദ്ധചാലകങ്ങളില്‍ നിന്ന് ഏറെ പിന്നോട്ടടിച്ചു. നമ്മുടെ ചില അയല്‍ രാജ്യങ്ങള്‍ 30 വര്‍ഷവും 200 ബില്യണ്‍ യുഎസ് ഡോളറും മുടക്കിയിട്ടും നേടാനാകാതെ പോയത് വരുന്ന ഒരു ദശകത്തിനുള്ളില്‍ നേടാനാകുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉല്പന്നങ്ങള്, സേവനങ്ങള്‍ എന്നിവയുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത് അര്‍ദ്ധചാലകങ്ങളുടെ പ്രസക്തിയെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. ആഗോള ഇലക്ട്രോണിക്സ്, അര്‍ദ്ധചാലക വിതരണ ശൃംഖലയിലെ പ്രധാന പങ്കാളിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ ആവശ്യം വര്‍ധിച്ചുവരികയാണ്. ഇലക്ട്രോണിക്സ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ കാതലാണ്, അര്‍ദ്ധചാലകങ്ങള്‍ ഇലക്ട്രോണിക്സിന്റെ കാതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥ പുനര്‍നിര്‍മ്മിച്ചു; നമ്മളിന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളില്‍ ഒന്നാണ്. അര്‍ദ്ധചാലക ആവാസവ്യവസ്ഥയില്‍ 2014ല്‍ നമ്മള് ഒന്നും തന്നെ ആയിരുന്നില്ല, എന്നാലിന്ന് നമ്മള് ഇലക്ട്രോണിക്സിന്റെ ആഗോള മൂല്യ ശൃംഖലയില്‍ വലിയ സാന്നിധ്യമായി മാറുകയാണ്.
സെമി കണ്ടക്റ്റര്‍ വ്യവസായ ഗവേഷണ മേഖലകളില്‍ 1960കള്‍ മുതലുള്ള ഒട്ടേറെ അവസരങ്ങള്‍ രാജ്യത്തിന് നഷ്ടപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഒരു അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ പ്രാധാന്യം വിഭാവനം ചെയ്യുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഇലക്ട്രോണിക്സ്, അര്‍ദ്ധചാലകങ്ങള്‍ എന്നിവയില്‍ ഇന്ത്യക്ക് ആവര്‍ത്തിച്ച് ബസ് നഷ്ടമായി. തന്ത്രപരവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളുടെ അഭാവവും കഴിവില്ലായ്മയുടെ വലിയ അളവും അതിലുണ്ടായിരുന്നു.
ഇന്റലിന്റെ മുന്‍ഗാമിയായ ഫെയര്‍ചൈല്‍ഡ് സെമി കണ്ടക്റ്റേഴ്സ് 1957ല്‍ ഒരു പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇന്ത്യയിലെത്തിയ ഉദാഹരണം അദ്ദേഹം സൂചിപ്പിച്ചു. ‘നമ്മളവരെ തുരത്തി. പിന്നാലെ ആ പാക്കേജിംഗ് യൂണിറ്റ് മലേഷ്യയിലെ ഏഷ്യയിലെ ഏറ്റവും വലിയ പാക്കേജിംഗ് ഹബ്ബായി മാറി. സിലിക്കണ്‍, ജെര്‍മേനിയം ട്രാന്സിസ്റ്ററുകള്ക്കായി നമ്മള് സജ്ജീകരിച്ച ഫാബ് നമ്മള് തന്നെ പില്ക്കാലത്ത് അടച്ചു പൂട്ടി. ഇന്ത്യയിലെ പ്രധാന വിഎല്‍എസ്ഐ സൗകര്യമായ സെമികണ്ടക്ടര്‍ ലബോറട്ടറി (എസ്സിഎല്) 1989ലെ ഒരു നിഗൂഢമായ തീപിടിത്തത്തില്‍ കത്തിനശിച്ചതിനെത്തുടര്‍ന്ന് 1997 വരെ ഉല്‍പ്പാദനം നിര്‍ത്തി വക്കേണ്ടി വന്നു.
‘1987ല്‍, ആധുനിക ചിപ്പ് നിര്‍മ്മാണ സാങ്കേതികവിദ്യയില്‍ ഇന്ത്യ രണ്ട് വര്‍ഷം പിന്നിലായിരുന്നു. എന്നാലിന്ന് നമ്മള് 12 തലമുറകള്‍ പിന്നിലാണ്’, അദ്ദേഹം പറഞ്ഞു. അര്‍ദ്ധചാലകങ്ങളുടെ കാര്യത്തില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇത് വളരെ പിന്നിലാണ്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യങ്ങള്‍ അര്‍ദ്ധചാലക കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും അതുവഴി ഇന്ത്യക്കു നഷ്ടമായ തൊഴിലവസരങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിക്കുകയുണ്ടായി.
‘അര്‍ദ്ധചാലക വ്യവസായ രംഗത്തെ പ്രമുഖര്‍ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഗ്രഹിക്കുകയും അതിനു വേണ്ട വിദഗ്ധരെ നിയമിക്കുകയും ചെയ്തിട്ടും നിരവധിയായ തടസ്സങ്ങള്‍ മുന്‍കാലങ്ങളില്‍ അവര്‍ക്ക് നേടിടേണ്ടിവന്നു. തുടര്‍ന്ന് അവര്‍ പദ്ധതി തന്നെ ചൈനയിലേക്ക് മാറ്റി. അതിന്റെ ഫലമായി ഇന്ത്യക്ക് ഒരു അര്‍ദ്ധചാലക നിര്‍മ്മാണ കമ്പനിയും അതിലെ 4000 തൊഴിലവസരങ്ങളും നഷ്ടപ്പെട്ടു. അര്‍ദ്ധചാലക വ്യവസായ ലോകത്തെ പ്രമുഖരായ മൈക്രോണ്‍ ഇപ്പോള്‍ ഗുജറാത്തില്‍ നടപ്പാക്കുന്ന 2.75 ബില്യണ്‍ ഡോളറിന്റെ എടിഎംപി പദ്ധതിയിലൂടെ കുറഞ്ഞത് 5000 പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങളും അല്ലാതെയുള്ള 15,000 തൊഴിലുകളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് സമഗ്രമായ ഒരു പാഠ്യപദ്ധതി കെട്ടിപ്പടുക്കുന്നതില്‍ ഗവണ്മെന്റ് ഗണ്യമായ മുന്നേറ്റം നടത്തുകയും അര്‍ദ്ധചാലക ഇക്കോസിസ്റ്റത്തിലെ സ്റ്റാര്‍ട്ടപ്പുകളെ രാജ്യം സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭാവി സാദ്ധ്യതകള്‍ കണക്കിലെടുത്ത് ഈ രംഗത്ത് വൈദഗ്ധ്യമുള്ള 85,000 ആഗോള പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനായി ഞങ്ങള്‍ വ്യവസായമേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സെമിക്കണ്ഇന്ത്യ ഫ്യൂച്ചര്‍ ഡിസൈന്‍ പദ്ധതിക്ക് കീഴില്‍ 30ലധികം അര്‍ദ്ധചാലക ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ട്. ഇവയില്‍ 5 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്, 25 സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: