ന്യൂദല്‍ഹി: തന്റെ ഭരണത്തിന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണു ബിജെപിക്കു ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.എന്റെ ആദ്യ ടേമില്‍ ഇന്ത്യ പത്താമത്തെ സമ്പദ് വ്യവസ്ഥയായിരുന്നു. രണ്ടാം ടേമില്‍ അഞ്ചാം സ്ഥാനത്തെത്തി. മൂന്നാം ടേമില്‍ മൂന്നാം സ്ഥാനത്തെത്തും. ഇതു താന്‍ നല്കുന്ന ഉറപ്പാണെന്നും മോദി. ഡല്‍ഹിയില്‍ ജി20 ഉച്ചകോടിക്കായി നവീകരിച്ച പ്രഗതി മൈതാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അടിസ്ഥാന സൗകര്യം മാറുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയ്ല് പാലവും റോഡും മൈതാനവും തുരങ്കവും ഏറ്റവും വലിയ പ്രതിമയും ഇന്ന് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി.2700 കോടി രൂപ ചെലവിലാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്ന അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ പ്രഗതി മൈതാനിയില്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്കൃതവും തമിഴും ചേരുന്ന പേരാണ് ഈ കണ്വെന്ഷന് സെന്ററിന് നല്‍കിയിരിക്കുന്നത്- ഭാരത മണ്ഡപം. ഉദ്ഘാടനത്തിന് മുന്‍പ് നടന്ന ഹവനത്തിലും പൂജാച്ചടങ്ങുകളിലും മോദി പങ്കെടുത്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജോലിക്കാരെയും മോദി പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, രാജ്നാഥ് സിങ്ങ്,എസ്. ജയശങ്കര്‍, നിര്‍മ്മല സീതാരാമന് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ഏറെ പുതുമകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം ചെയ്ത് മോദി സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഭാരതമണ്ഡപം എന്ന് എഴുതിയ ബാനറുമായി ഒരു ഡ്രോണ്‍ കണ്വെന്ഷന് സെന്ററിന് മുന്നില്‍ പറന്നുയര്‍ന്നു. അധികം വൈകാതെ ഡ്രോണില്‍ മടക്കിവെച്ചിരുന്ന പതാക പൂര്‍ണ്ണമായും വിരിഞ്ഞപ്പോള്‍ ഭാരതമണ്ഡപം എന്നെഴുതിയിരുന്നു. വന്‍കരഘോഷമായിരുന്നു അപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത്.7,000 ഇരിപ്പിടങ്ങളുള്ളതാണു കോണ്‍ഫറന്‍സ് ഹാള്‍. ഇത് 5,500 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്ട്രേലിയയിലെ ഐക്കോണിക് സിഡ്നി ഓപ്പറ ഹൗസിനെക്കാള്‍ വലുതാണ്. സാംസ്കാരിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി മൂന്ന് പിവിആര്‍ തിയെറ്ററുകള്‍ക്കു തുല്യമായ ഗ്രാന്‍ഡ് ആംഫി തിയെറ്ററും സജ്ജമാക്കി. രാവിലെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഗണപതിഹോമം, പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. നവീകരണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: