ചെന്നൈ:ഡിഎംകെ സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് അണ്ണാമലൈ ഡിഎംകെയുടെ എംപിമാരും എംഎല്‍എമാരും നടത്തിയ 5600 കോടിയുടെ പുതിയ അഴിമതിക്കഥകള്‍ പറയുന്ന വീഡിയോ ബുധനാഴ്ച പുറത്തുവിട്ടു. 200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയില്‍ തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ പിന്നീട് അണ്ണാമലൈ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയ്ക്ക് കൈമാറി. ഈ മൂന്ന് അഴിമതി ആരോപണങ്ങളിന്മേല് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്ന് അണ്ണാമലൈ പറഞ്ഞു.
അണ്ണാമലൈ ബുധനാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ട ഡിഎംകെ2 ഫയല്‍സ്:
ജൂലായ് 26 ബുധനാഴ്ച വൈകീട്ട് 4.52ന് പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സിനിമാ ട്രെയിലര്‍ പോലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു (ഡിഎംകെ) കുടുംബം പല കോടികള്‍ തട്ടിയ അഴിമതിയുടെ കഥ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇതില്‍ ഡിഎംകെ നേതാവ് കരുണാനിധി മുതല്‍ ആ കുടുംബത്തിലെ എല്ലാവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്റ്റാലിന്, ദയാനിധി മാരന്, കലാനിധി മാരന്, കനിമൊഴി, രാജ, സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് എന്നിങ്ങനെ ഡിഎംകെ പ്രഥമകുടുംബമായ കരുണാനിധി കുടുംബത്തിലെ മിക്കവരുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
മാത്രമല്ല, ഡിഎംകെയുടെ പ്രഥമകുടുംബമായ സ്റ്റാലിന് കുടുംബത്തിലെ അംഗങ്ങള്‍, ഡിഎംകെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഭാഗമായ 5600 കോടി രൂപയുടെ മൂന്ന് അഴിമതികളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്.
1.3000 കോടിയുടെ ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വ്വീസസ് ലിമിറ്റഡ് അഴിമതി
2.2000 കോടിയുടെ ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്മെന്റ് അഴിമതി
3.600 കോടിയുടെ ടിഎന്എംഎസ് സി അഴിമതി എന്നിങ്ങനെയാണ് അഴിമതികള്‍.
ഈ അഴിമതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് തന്റെ പദയാത്ര വേളയില്‍ വിശദീകരിക്കാമെന്നും അണ്ണാമലൈ പറയുന്നു. അതായത് വെള്ളിയാഴ്ച കന്യാകുമാരിയില്‍ തുടക്കം കുറിയ്ക്കുന്ന 200 ദിവസത്തെ പദയാത്രയില്‍ ഇതേക്കുറിച്ച് വിശദീകരിക്കുമെന്നാണ് അണ്ണാമലൈ പറയുന്നത്.
അഴിമതിക്കാരായ ഡിഎംകെയില്‍ നിന്നും ഈ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്നും അണ്ണാമലൈ വീഡിയോയ്ക്കൊപ്പം നല്കിയ ട്വിറ്രര്‍ കുറിപ്പില്‍ പറയുന്നു. ഇതിനോട് സ്റ്റാലിന് എങ്ങിനെയാണ് പ്രതികരിക്കുക എന്നതിന് കാത്തിരിക്കുകയാണ് തമിഴ്നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: