ആലപ്പുഴ: സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സൊസൈറ്റി സെക്രട്ടറിയായ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമിന്റെ നടപടികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാര്‍ട്ടിക്ക് പരാതി നല്കി. സൊസൈറ്റി രൂപീകരിച്ച് എട്ടു വര്‍ഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ല.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീകുമാറിന്റെ പരാതിയില്‍ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. പ്രസാദിനാണ് അന്വേഷണ ചുമതല. ചേതനാ പാലിയേറ്റിവ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് ഗുരുതര ആരോപണം. 2015 ഡിസംബര്‍ 30 നാണ് എച്ച്. സലാം സെക്രട്ടറിയായ സൊസൈറ്റി രൂപീകരിച്ചത്. എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു വാര്‍ഷിക പൊതുയോഗം പോലും ചേര്‍ന്നിട്ടില്ലെന്നും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നുമാണ് പരാതി.
കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ചേതനയുടെ കീഴില്‍ നടക്കുന്നത്. നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേര്‍ന്നിട്ടില്ലെന്നും പരാതിയിലുണ്ട്. സൊസൈറ്റിയുടെ വരുമാനം, ചിലവ് എന്നിവ സംബന്ധിച്ച് ആര്‍ക്കുമറിയില്ല. അംഗത്വഫീസ് പിരിച്ചതിന്റെയും കണക്കില്ല. ചേതനയുടെ കീഴില്‍ ആധുനിക ലാബ് അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നടക്കമുള്ള പരിശോധനകള്‍ ചേതനയുടെ ലാബിലേക്കാണ് നല്‍കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം സുസജ്ജമായ ഓഫീസും സംവിധാനങ്ങളും സൊസൈറ്റിക്കുണ്ട്. നേരത്തെ സലാമിനെതിരെ ചേതനയുടെ ട്രഷറര്‍ ആരോപണം ഉന്നയിച്ചിരുന്നതായും പരാതിയില്‍ ഉന്നയിക്കുന്നു. രേഖകള്‍ സഹിതമാണ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയത്.
അതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പരിശോധനകള്‍ സിപിഎം നിയന്ത്രണത്തിലുള്ള ലാബില്‍ മാത്രം നടത്തുന്നതിലും ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നു. സുസജ്ജമായ മറ്റു നിരവധി ലാബുകളെ മറികടന്നാണ് ചേതനയുടെ ലാബിന് പരിശോധന നടത്താനുള്ള കുത്തകാവകാശം നല്‍കിയത്. നേരത്തെ ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സിപിഎം മൗനം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: