ഓസക: പ്രീ സീസണ് സന്നാഹ മത്സരത്തില്‍ പിഎസ്ജിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍.
സൗദി ക്ലബ് അല്‍ നസ്റിനായി റോണോ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. അതേസമയം ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ സബ്സ്റ്റിറ്റിയൂട്ട് താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും നെയ്മര്‍ ജൂനിയര്‍ മൈതാനത്തിറങ്ങിയില്ല. ക്ലബുമായി ഇടഞ്ഞ് നില്ക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെ ജപ്പാനില്‍ പ്രീ സീസണിന് എത്തിയത് പിഎസ്ജിയുടെ പ്രകടനത്തെ ബാധിച്ചു. ഇരു ടീമുകളും എതിര് പ്രതിരോധം തകര്‍ത്ത് വല കുലുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.
ജപ്പാനില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി പിഎസ്ജിക്ക് അവശേഷിക്കുന്നുണ്ട്. രണ്ട് വമ്പന്‍ തോല്‍വികള്‍ കഴിഞ്ഞെത്തിയ അല്‍ നസ്റിന് പിഎസ്ജിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്. റൊണാള്‍ഡോയ്ക്കും സംഘത്തിനും ഒരു സൗഹൃദ മത്സരം കൂടി പ്രീ സീസണില്‍ അവശേഷിക്കുന്നുണ്ട്.
മറ്റൊരു പ്രീ സീസണ് സന്നാഹ മത്സരത്തില്‍ ലിവര്‍പൂളിനെ ജര്‍മന്‍ രണ്ടാം ഡിവിഷന് ക്ലബ് ഫുര്‍ത് വിറപ്പിച്ചു. കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സല നേടിയ ഗോളിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ഇരു ടീമും നാല് ഗോള്‍ വീതം നേടി. രണ്ട് ഗോള്‍ നേടിയ ഡാര്വിന് നുനിയസും ഒരു തവണ വലകുലുക്കി ലൂയിസ് ഡിയാസുമാണ് ലിവര്‍പൂളിന്റെ മറ്റ് സ്കോറര്‍മാര്‍. ഫുര്തിനായി അര്മിന്ഡോ സീബ് രണ്ട് ഗോള്‍ നേടി. ജൂലിയന്‍ ഗ്രീന്‍, ലുകാസ് പെറ്റ്കോവ് എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ഞായറാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.
മറ്റൊരു സന്നാഹ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെയില്‍സ് ക്ല്ബ് റെക്സ്ഹാമാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. റെക്സ്ഹാമിനായി എല്ലിയറ്റ് ലീ, ആരോണ്‍ ഹെയ്ഡന്, സാം ഡൈബി എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ക് ജജുറാഡോയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. നേരത്തെ ലീഡ്സ്, ലിയോണ്‍, ആഴ്സണല്‍ ടീമുകളെ തോല്‍പ്പിച്ച യുണൈറ്റഡ് തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് റെക്സ്ഹാമിനെതിരെ ഇറങ്ങിയതെങ്കിലും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: