ന്യൂദല്‍ഹി : കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കുന്നു. ഓണത്തിനോടനുബന്ധിച്ച് മലയാളികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം കൂടിയാണ് ഇത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ തിരുവനന്തപുരം- കാസര്‍കോട് വരെയാണ് കേരളത്തിലെ ഏക വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ വന്ദേഭാരത് ഹിറ്റായതോടെയാണ് രണ്ടാമതൊന്നുകൂടി ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായിട്ടുണ്ട്.
എന്നാല്‍ പുതിയ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് ഏതാണെന്നും പുതിയതായി നിര്‍മിച്ച ട്രെയിന്‍ ആണോയെന്നത് സംബന്ധിച്ചും വ്യക്തമല്ല. ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ നിര്‍മ്മിത സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ 28ാമത് തീവണ്ടി കാവി നിറത്തിലായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു. കാവിനിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഇതുവരെ ഓടിതുടങ്ങിയിട്ടില്ല. വന്ദേ ഭാരത് എക്സ്പ്രസ് നിലവില്‍ 25 സര്‍വിസുകളാണ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ട്രെയിനിന് നിറം മാറ്റിയത്.
രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സര്‍വീസാണ് കേരളത്തിലേത്. ഈ സാഹചര്യത്തില്‍ രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിന്‍കൂടി സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം ഉറപ്പു നല്‍കിയതായി റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: