കൊച്ചി: ഗള്‍ഫില്‍ നിന്ന് അനധികൃതമാര്‍ഗ്ഗത്തിലൂടെ 20000 കോടി കേരളത്തിലേക്ക് കടത്തിയ കേസുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിടിയിലായി. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗമാണ് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോര്‍ജ്ജിനെ തടഞ്ഞത് . ഒപ്പം ഉണ്ടായിരുന്ന മകന് അഭിഷേക് ജോര്‍ജും പിടിയിലായി.എമിറൈറ്റ് ഫ്ളൈറ്റില്‍ ദൂബായിക്ക് പോകാന്‍ എത്തിയപ്പോളാണ് പിടിയിലായത്.
2016ലെ പാനമ പേപ്പേഴ്സ് അന്വേഷണത്തില്‍ അനധികൃത ആഗോള പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് കണ്ടെത്തിയ വിവാദ നിയമ സ്ഥാപനമായ മൊസാക്ക് ഫൊന്സെക്കയുമായി ബന്ധമുള്ള ആളാണ് മാത്യു ജോര്‍ജ്.
പാനമ രേഖകളില്‍ പരാമര്‍ശിക്കുന്ന ‘മോസാക്ക് ഫൊന്‍സേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകള്‍ മാത്യു ജോര്‍ജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ബേങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു.കേസില്‍ ഹാജരാകന്‍ ജോര്‍ജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.
കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ജോര്‍ജിനും മക്കള്‍ക്കും കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്ന് ഇഡി പറയുന്നു. ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊന്‍സെക. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവര്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
സിനിമാ നിര്‍മ്മാണ മേഖയിലേക്കും സ്വര്‍ണ്ണം ഉള്‍പ്പെടെയുളള ബിസിനസ്സിന്റേയും മറവില്‍ 20000 കോടിയിലധികം പണം കേരളത്തിലേക്ക് ഗള്‍ഫില്‍നിന്ന കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വര്‍ണ്ണക്കട ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ റയിഡും നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.
സിനിമാ രംഗത്ത് സജിവമായ ദമ്പതികളും ഉടന്‍ പിടിയിലായേക്കും എന്ന സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: