തിരുവനന്തപുരം : വിഐപിയുടെ പ്രസംഗം മനപ്പൂര്‍വ്വം ആരും തടസപ്പെടുത്തില്ല. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ വെറും പത്ത് സെക്കന്‍ഡ് മാത്രമാണ് പ്രശ്‌നം ഉണ്ടായതെന്നും മൈക്ക് ആന്‍ഡ് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറില്‍ ആയതില്‍ പോലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
ആളുകളുടെ തിക്കിലും തിരക്കിലും കേബിളില്‍ തട്ടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലാത്. സാധാരണ എല്ലാ പരിപാടികള്‍ക്കും ഇത്തരത്തിലുള്ള തകരാറുകള്‍ പതിവാണ്. സംഭവത്തില്‍ അസ്വഭാവികതയില്ല. 17 വര്‍ഷമായി താന്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുടെ പരിപാടികള്‍ക്ക് മൈക്ക് നല്‍ക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരത്തില്‍ കേസെടുക്കുന്ന അനുഭവം.
പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും വയറും മൈക്കും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. വിദഗ്ധ പരിശോധനയ്‌ക്ക് ശേഷം തിരിച്ചു നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അവ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് വിദഗ്ധ പരിശോധനയ്‌ക്കായി കൈമാറും. തിരിച്ച് എപ്പോള്‍ കിട്ടുമെന്ന് അറിയില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താനായി ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ആരുടേയും പേര് പ്രതിചേര്‍ത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: