ഡോ.സുകുമാര്‍ കാനഡ
അദ്ധ്യാത്മരായണത്തിലെ അയോദ്ധ്യാകാണ്ഡത്തില്‍ കാനനവാസത്തിന് പോകുന്ന വഴിയില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും വാല്മീകിയെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശിക്കുന്നതായി നമുക്ക് കാണാം. ഈശ്വരസങ്കല്‍പ്പത്തിന്റെ അതിസുന്ദരമായ ഒരു ചിത്രം വരയ്ക്കാനാണ് എഴുത്തച്ഛന് ഈ കഥാസന്ദര്‍ഭം ഉപയോഗിക്കുന്നത്. എല്ലാവര്ക്കും ഒരുപോലെ സ്വീകാര്യമായ ഒരാത്മീയതലത്തിലേക്കാണ് ആ കൂടിക്കാഴ്ച നമ്മെ നയിക്കുന്നത്.
“സീതയും സഹോദരന് ലക്ഷ്മണനും ചേര്‍ന്ന് സുഖമായി കഴിയാനുള്ള ഒരു വാസസ്ഥലം എനിക്ക് പറഞ്ഞുതന്നാലും” എന്നാണ് ശ്രീരാമന് വാല്മീകിയോട് ആവശ്യപ്പെടുന്നത്. പരമാത്മാവും, ജീവാത്മാവും മായയും ചേര്‍ന്നു സമ്യക്കായി വാഴാനുള്ള ഇടങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് മാമുനി പറഞ്ഞതായ എട്ടിടങ്ങള്‍ മനുഷ്യജീവിതത്തിന്റെ ആത്മീയസാരസംഹിത തന്നെയാണ്.
“പ്രീതമാനസരായി, സര്‍വജീവജാലങ്ങളിലും സമദൃഷ്ടിയോടെ, ശാന്തരായി, വാഴുന്നവരുടെ മനസാണ് നിനക്ക് വസിക്കാന്‍ പറ്റിയയിടം. നിസ്സംഗരായി നിന്നെ ഭജിക്കുന്നവരുടെ ഉള്ളം നിനക്കു വാഴാന്‍ പറ്റിയ മന്ദിരമാണ്. കല്ലും കാഞ്ചനവും ഒരേപോലെ കണക്കാക്കുന്ന, രാഗദ്വേഷങ്ങള്‍ തീണ്ടാത്തവരുടെ മനസ്സ് നിനക്ക് താമസിക്കാന്‍ പറ്റിയ ഇടമാണ്. നിന്നില്‍ എല്ലാ കര്‍മ്മങ്ങളും സമര്‍പ്പിച്ചു സന്തുഷ്ടരായി കഴിയുന്നവരുടെ മനസ്സ് നിനക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കനുസൃതമായും അല്ലാതെയും കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ ചഞ്ചലപ്പെടാത്തവരുടെ മനസ്സും നിനക്കുചിതമായ ഗൃഹം തന്നെ.
വിശപ്പ്, ദാഹം, ഭയം സുഖം, ദുഃഖം, മുതലായ ഷഡ് വികാരങ്ങള്‍ ദേഹത്തിനു മാത്രമേ ബാധകമായുള്ളൂവെന്നും ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല എന്നുമുള്ള അറിവില്‍ വിരാജിക്കുന്നവരുടെ മനസ്സും നിനക്കു താമസിക്കാന്‍ പറ്റിയ വീടാണ്.
അനന്തനായ, അപരിമേയനായ ഭഗവാന്റെ നിര്‍വചനാതീതമായ പ്രാഭവമാണ് സകലതും എന്ന അദൈ്വത ഭാവനയില്‍ അഭിരമിക്കുന്നവരുടെ മനസ്സു നിനക്ക് താമസിക്കാന്‍ ശ്രേഷ്ഠമായ ഇടമാണ്. നിന്റെ പദസേവയില് സദാ എര്പ്പെട്ടുകൊണ്ട് മന്ത്രജപത്തോടെ പ്രസന്നഭാവത്തില്‍ സകല ജീവജാലങ്ങള്‍ക്കും സേവനം ചെയ്യുന്നവരുടെ മനസ്സും നിനക്ക് താമസിക്കാന്‍ ഉചിതമത്രേ”
ഒരുവന് ദൈ്വതിയോ, വിശിഷ്ടദൈ്വതിയോ, അദൈ്വതിയോ ആയാലും അവരിലെല്ലാം ഈശ്വരന് വസിക്കാന്‍ ഇടമുണ്ടെന്ന തത്ത്വമാണ് എഴുത്തച്ഛന് നമുക്ക് തന്നത്. ശ്രീരാമന്റെ കഥയില്‍ ഉടനീളം എഴുത്തച്ഛന് സന്നിവേശിപ്പിച്ച ഇത്ര വിശാലമായ ആത്മീയതയാവണം അദ്ധ്യാത്മരാമായണത്തിനെ എന്നും പ്രസക്തമായ, എല്ലാവര്ക്കും ഒരുപോലെ ആസ്വദിച്ചു സ്വീകരിക്കാവുന്ന ഒരു മഹാകാവ്യമാക്കി മാറ്റിയത്.
വിശ്വാസത്തിന്റെ തലത്തിലുള്ള പരിമിതഭൂമികയല്ല ആത്മീയതയുടേത് എന്ന് അസന്ദിഗ്ദ്ധമായി പറയുകയാണ് എഴുത്തച്ഛന് ചെയ്യുന്നത്. ഈശ്വരസാക്ഷാത്ക്കാരത്തിന്, പ്രപഞ്ചം മുഴുവനും നിറയുന്ന ചൈതന്യത്തെ ഉള്‍ക്കൊള്ളാന്‍ നിഷ്ക്കല്‍മഷമായ മനസ്സും സര്‍വഭൂതങ്ങളിലും സഹജീവികളിലുമുള്ള ദയാവായ്പ്പും മതിയെന്ന് രാമായണത്തിലും എഴുത്തച്ഛന്റെ ഇതരകൃതികളിലും നമുക്ക് വായിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: