നീലേശ്വരം: പകരം വീട് വെച്ച് തരാമെന്ന സിപിഎം നേതാക്കളുടെ മോഹന വാഗ്ദാനം വിശ്വസിച്ച് എസ്സി കമ്മ്യൂണിറ്റി ഹാള്‍ പണിയാന്‍ ഭൂമി നല്കിയ പ്രവാസി യുവാവിന്റെ കുടുംബം പെരുവഴിയിലായി. വീട് പണിയാന്‍ തറ കെട്ടി കൊടുത്തെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ ആരും തന്നെ ഈ വഴിക്ക് തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന രാജീവന്റെ സഹോദരിയേയും ഭാര്യയെയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തതായും പരാതി.
മടിക്കൈ മുണ്ടോട്ടെ പ്രവാസി അരീക്കര രാജിവന്റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് കിടപ്പാടമില്ലാതെ പെരുവഴിയിലയത്. രാജീവന്റെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യ ജിബി ഈ വീട്ടിലെ സൗകര്യ കുറവ് കാരണം രണ്ടു മക്കളേയും കൊണ്ട് പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയി. വീട് കെട്ടി നല്‍കാമെന്ന വാഗ്ദാനം ചെയ്ത് ഭൂമി കൈക്കലാക്കി വഞ്ചിച്ചുവെന്ന് കാണിച്ച് രാജീവന്റെ ഭാര്യ പത്തനംതിട്ട സ്വദേശിനി ജിബി രാജീവ് സിപിഎം മടിക്കൈ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന എന്‍.കുഞ്ഞമ്പു, മടിക്കൈ കൈയ്യുള്ള കൊച്ചി സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.ടി.രാജു എന്നിവരുടെ പേരില്‍ യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയും നല്കി.കുഞ്ഞമ്പു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ മുണ്ടോട്ട് എസ്സി കമ്യൂണിറ്റി ഹാള്‍ അനുവദിച്ചു. ഇത് നിര്‍മ്മിക്കാനാണ് രാജിവിനോട് വീട് പണിത് തരാമെന്ന് പറഞ്ഞ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയത്.
രാജീവന് നാട്ടില്‍ കൂലി പണിയെടുക്കുമ്പോള്‍ 2016 ലാണ് മൂന്നുസെന്റ് ഭൂമി എഴുതി വാങ്ങിയത്.ഇതിന് ശേഷം വീടിന് തറ പണിയുകയും രണ്ട് ലോഡ് ചെങ്കല്ലും ഒരു ലോഡ് പൂഴിയും ഇറക്കിയതല്ലാതെ മറ്റൊന്നും ചെയ്തു കൊടുത്തില്ല. ഇതിനിടയില്‍ രാജീവന് ഗള്‍ഫില്‍ പോയെങ്കിലും കാര്യമായ വരുമാനമില്ലാത്തതിനാല്‍ രാജീവനും വീട് പണി തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് നിരന്തരം വീട് പണിയുമായി ബന്ധപെട്ട് നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വീട് പണിയാന്‍ സംഘാടക സമിതി രൂപീകരിച്ചുവെങ്കിലും ഇതുകൊണ്ടും ഒരു ഗുണവും ഉണ്ടായില്ല. ഏറ്റവും ഒടുവിലാണ് രാജീവന്റെ ഭാര്യ പാര്‍ട്ടി നേതാക്കളില്‍ നിന്നും നീതി തേടി പോലീസിനെ സമീപിച്ചത്. ഇതോടെ ഈ പ്രശ്നം സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കുടുംബം ബന്ധപ്പെട്ടപ്പോള്‍ നേതൃത്വത്തിന് യാതൊരു പങ്കുമില്ലെന്നാണ് പറയുന്നത്. പ്രദേശിക നേതാക്കളുടെ തലയില്‍കെട്ടിവെച്ച് പ്രശ്നത്തില്‍ നിന്ന് ഊരാനുള്ള ശ്രമമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കുന്ന പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രശ്നം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: