ദുബായ്: ജൂലൈ അവസാനിക്കാറായതോടെ ഗൾഫ് ചൂടിൽ വെന്തുരുകുന്നു. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായി. യുഎഇയിലെ പലയിടങ്ങളിലും 50 ഡിഗ്രിയും കഴിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ചൂട് വർധിച്ചതോടെ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്ന വർക്ക് കർശന നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത്. വാഹന യാത്രികർക്ക് വേണ്ടി ” സേഫ് സമ്മർ ” എന്ന പേരിൽ അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അബുദാബി പോലീസിന്റെ ജനറൽ കമാൻഡിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ചൂട് കാലത്ത് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത് മൂലവും ഡ്രൈവർമാർക്ക് വാഹനത്തിന് തീപിടിക്കാനുള്ള സാധ്യത ലഘൂകരിക്കാനും അവരുടെയും മറ്റ് വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ ജയിലിൽ കിടക്കാം
ചൂട് കാലത്ത് ഒരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തിൽ ഉപേക്ഷിക്കരുതെന്ന് ദുബായ് പോലീസ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തുമെന്നും ജയിലിലടക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചു. വദീമ നിയമത്തിലെ 35-മത് ആർട്ടിക്കിൾ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടങ്ങളിലേക്ക് കുട്ടികളെ തള്ളി വിടരുതെന്നും വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രകളിൽ ഏറെ ജാഗരൂകരായിരിക്കണമെന്നും ദുബായ് പോലീസ് രക്ഷിതാക്കളോട് നിർദ്ദേശം നൽകി.
കുട്ടികളുമായി ഷോപ്പിംഗിന് പോകുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്യുകയാണെങ്കിൽ കാർ ലോക്ക് ചെയ്യുന്നതിനുമുമ്പ് വാഹനത്തിൽ നിന്ന് കുട്ടികൾ പുറത്തിറങ്ങിയെന്ന് കുടുംബങ്ങൾ ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള അവബോധ വീഡിയോയും ദുബായ് പോലീസ് പ്രദർശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: