കെ.എന്‍.ആര്
മനുഷ്യ മനസ്സിന്റെ നിഗൂഢതകളിലൂടെ സഞ്ചരിച്ച ശ്രീരാമന്റെ അനുഭവ പാഠങ്ങളാണ് രാമായണം കാവ്യരൂപത്തില്‍ പകര്‍ന്നു നല്‍കുന്നത്. ആ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഓരോ രാമായണ പാരായണവും. രാമന് അവതാര പുരുഷന് മാത്രമല്ല, തപസ്സനുഷ്ഠിക്കാതെതന്നെ ആത്മജ്ഞാനം നേടിയ മഹാത്മാവുമാണ്. പാകം വന്ന, ഋഷി തുല്യമായ മനസ്സാണത്. ആത്മജഞാനം നേടിയവരാണല്ലോ ഋഷിമാര്‍. ഇന്ദ്രിയങ്ങളെ ജയിച്ചവര്‍. അവരില്‍ മഹര്‍ഷിമാരുണ്ട്, ബ്രഹ്മര്‍ഷിമാരുണ്ട്, ദേവര്‍ഷിമാരുണ്ട്, രാജര്‍ഷിമാരുണ്ട്.
രാമായണത്തെ മുന്‍നിര്‍ത്തി മഹര്‍ഷിമാരേക്കുറിച്ചു ചിന്തിക്കുമ്പോള്‍ വാല്മീകിയില് തുടങ്ങി നാരദനിലൂടെയും വസിഷ്ഠനിലൂടെയും വിശ്വാമിത്രനിലൂടെയും മാതംഗനിലൂടെയും അഗസ്ത്യനിലൂടെയും മറ്റും ഏറെദൂരം സഞ്ചരിക്കാനുണ്ട്. ഇവരെല്ലാം പറഞ്ഞു തരുന്നതു പ്രപഞ്ചതത്വങ്ങളെക്കുറിച്ചും അതില്‍ ഊന്നിയ ആധ്യാത്മിക സംസ്കാരത്തേക്കുറിച്ചുമാണ്. നാമറിഞ്ഞ ഋഷിവര്യന്മാര് ചുരുക്കം. മറ്റ് എത്രയോ ധന്യാത്മാക്കള്‍ ഇവരെപ്പോലെ വനത്തിന്റെ അഗാധതകളില്‍ കൊടുംതപം ചെയ്തിട്ടുണ്ടാവും! പുറം ലോകം അവരെ അറഞ്ഞിട്ടുണ്ടാവില്ലെന്നു മാത്രം.
മേല്പ്പറഞ്ഞവര് മാത്രമാണോ രാമായണത്തിലെ ഋഷിമാര്‍? ജഡാവല്‍ക്കലങ്ങള്‍ ധരിച്ചു തപസ്സ് അനുഷ്ഠിച്ചവര്‍ മാത്രമല്ലല്ലോ ഋഷിമാര്‍. രാമന്‍തന്നെ മഹര്‍ഷിയായിരുന്നെന്നു സൂചിപ്പിച്ചല്ലോ. ജ്ഞാനത്തിന്റെ പടവുകള്‍ കയറിയാണ് ആ പദത്തിലെത്തുന്നത്. അലയടിച്ചു മറിയുന്ന കടല്‍ പോലെയായിരുന്നു രാമന്റെ ജീവിതം. അവിടെ അചഞ്ചലനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്, ഇന്ദ്രിയങ്ങളെ ജയിച്ചതുകൊണ്ടു തന്നെയാണ്. അതു നേടിയതു വനമധ്യത്തിലെ തപസ്സിലൂടെയല്ലെന്നു മാത്രം.
രാജധാനിയില്‍പ്പോലും സുഖവാസമായിരുന്നില്ല രാമന്. പ്രജാഹിതത്തിനായി ജീവിതം മാറ്റിവച്ച രാജാവിനു ജീവിതം എന്നും മുള്‍മുനയിലായിരുന്നു. പ്രജകളുടെ വിശ്വാസത്തിനു മുന്‍ഗണന നല്കി. വാക്കു പാലിക്കാന്‍ തനിക്കു പ്രിയപ്പെട്ടതൊക്കെ ത്യജിച്ചു. അങ്ങനെ സീതയേയും ലക്ഷ്മണനേയും പോലും പിരിയേണ്ടിവന്നു. പിന്നീടു രാജധാനിയിലെ തിരിക്കിലും ഏകനായിരുന്നു. ചുമതലകളുടെ ബാഹുല്യത്തിലും മനസ്സിനെ ഏകാഗ്രമാക്കാന്‍ രാമന് വനത്തിലെ ഏകാന്തത വേണ്ടിവന്നില്ല. അതു തപസ്സുതന്നെയല്ലേ?
വനവാസ കാലത്തു ജ്യേഷ്ഠന്റ സംരക്ഷണച്ചുമതല ഏറ്റെടുത്ത്, ആ ദൗത്യത്തില്‍ മാത്രം മനസ്സിനെ കേന്ദ്രീകരിച്ച ലക്ഷ്മണന് ചെയ്തതും തപസ്സു തന്നെയല്ലേ? ഭരത, ശത്രുഘ്നന്മാരുടെ കാര്യം നോക്കൂ. ജ്യേഷ്ഠന്റെ പകരക്കാരനായി ഭരണം കൈയാളുമ്പോഴും മരവുരി ധരിച്ചു കാനന തുല്യമായ ജീവിതം നയിച്ചു ഭരതന്. ആ ജ്യേഷ്ഠന്റെ ആജ്ഞാനുവര്‍ത്തിയായി സുഖഭോഗങ്ങള്‍ വെടിഞ്ഞു രാജ്യകാര്യങ്ങള്‍ നോക്കിനടത്തിയ ശത്രുഘ്നന്‍. ഇവരും നയിച്ചതു തപസ്സിനു തുല്യമായ ജീവിതമായിരുന്നു. മനശ്ശക്തിയിലും ഇന്ദ്രിയ ശക്തിയിലും സ്ത്രീ അബലയല്ലെന്നു തെളിയിച്ചകൊണ്ടു രാമനൊപ്പം വനവാസത്തിറങ്ങിയ സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്തികൊണ്ടു ഭര്‍ത്താവിനു രക്ഷാകവചം തീര്‍ത്ത ലക്ഷ്മണപത്നി ഊര്‍മിള, ഭര്ത്താക്കന്മാര് തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും അവരുടെ സ്പര്‍ശനമോ സാമീപ്യമോ പോലും മോഹിക്കാതെ സ്വയം തീര്‍ത്ത ഏകാന്തതയില്‍ കഴിഞ്ഞ ഭരതപത്നി മണ്ഡവിയും ശത്രുഘ്നഭാര്യ ശ്രുതകീര്‍ത്തിയും. തെറ്റു തിരിച്ചറിഞ്ഞ് ജീവിതം അറിവിന്റെ ലോകത്തേയ്ക്കുള്ള കടുത്ത പരീക്ഷകള്‍ക്കായി മാറ്റിവച്ച കൈകേയി, പുത്രവേര്‍പാടിന്റെ ദുഃഖം കര്‍ത്തവ്യ നിര്‍വഹണത്തിന്റെ സമര്‍പ്പണബുദ്ധിയാക്കി മാറ്റിയ കൗസല്യയും സുമിത്രയും. ഇവരെല്ലാം അവരവരുടെ ജീവിതം സ്വയം സമര്‍പ്പിച്ച ഋഷിതുല്യരാണ്.
ഇവരിലൂടെ രാമായണം തരുന്നതു കാലാതീതമായൊരു സന്ദേശമാണ്. ഏകാഗ്രതയ്ക്കും തപസ്സിനും ജ്ഞാനത്തിലേയ്ക്കുള്ള യാത്രയ്ക്കും കര്‍ത്തവ്യങ്ങള്‍ തടസ്സമാകുന്നില്ല. കര്‍ത്തവ്യ നിര്‍വഹണം തപസ്സു തന്നെയാണ്. അതിനു സമര്‍പ്പണത്തിന്റെ ഭാവം വേണമെന്നു മാത്രം. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നിട്ടാലും മനുഷ്യന് മനസ്സില്‍ സൂക്ഷിക്കേണ്ട അമൂല്യമായ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: