ജി.കെ.സുരേഷ്ബാബു
മണിപ്പൂരില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളായ കുക്കികളും നാഗന്മാരും ഒരുഭാഗത്തും മെയ്തികള്‍ മറുഭാഗത്തുമായുള്ള വംശീയ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ടുമാസത്തിലേറെയായി. സംസ്ഥാന സര്‍ക്കാര്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിച്ച് മിക്ക സ്ഥലങ്ങളിലും സംഘര്‍ഷം അടിച്ചൊതുക്കുകയും ചെയ്തു. എന്നാല്‍ രണ്ടുമാസം മുന്‍പ് ആക്രമണത്തിന് ഇരയായ രണ്ടു സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് മണിപ്പൂരില്‍ ആര്‍എസ്എസും സംഘപരിവാറും ക്രിസ്ത്യന്‍ വേട്ട നടത്തുന്നു എന്നരീതിയില്‍ കേരളത്തില്‍ സിപിഎമ്മും ഇടതുമുന്നണിയും വ്യാപകമായ പ്രചാരണം നടത്തുന്നു. മുന്‍ മന്ത്രി കെ.കെ.ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളുമാണ് ഈ പ്രചരണം നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് വസ്തുതകള്‍ അറിയുകയും പരിശോധിക്കുകയും ചെയ്യാതെ നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. രണ്ട് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രാഷ്ട്രീയം പോയിട്ട് മതം പോലും ഇല്ല എന്നതാണ് സത്യം. കുക്കികളില്‍ ഭൂരിഭാഗവും ക്രിസ്തീയ-ഇസ്ലാംമത വിശ്വാസികളാണെങ്കിലും അവരിലും ഹിന്ദുക്കളുണ്ട്. മറുഭാഗത്തുള്ള മെയ്തികളിലും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ട്. ഈ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ദശാബ്ദങ്ങളുടെ പഴക്കവുമുണ്ട്. പക്ഷേ, രാഷ്ട്രീയലാഭത്തിനായി ഇസ്ലാമിക വോട്ടുബാങ്കിന് പിന്നാലെയും, ക്രിസ്ത്യാനികളെ സ്വാധീനിക്കാന്‍ സംഘപരിവാര്‍ ആക്രമിക്കുന്നു എന്ന അടിസ്ഥാനരഹിതമായ പ്രചാരണവുമായാണ് സിപിഎമ്മും ഇടതുമുന്നണിയും രംഗത്തെത്തിയിട്ടുള്ളത്. രണ്ടുമാസം മുന്‍പുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒരുകാര്യം മറന്നുപോയി, മണിപ്പൂരിലെ സംഘര്‍ഷമേഖലയില്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പോരാട്ടം നടത്തുന്നതും നഗ്നരായ സ്ത്രീകള്‍ പ്രകടനം നടത്തിയതും ഒന്നും നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷമല്ല. അത് കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ തന്നെ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമത്തിനെതിരെ നഗ്നരായ സ്ത്രീകള്‍ ബാനര്‍ പുതച്ച് പ്രകടനം നടത്തിയത് ആരും മറന്നിട്ടുണ്ടാകില്ല.
എന്താണ് മണിപ്പൂരിലെ യഥാര്‍ത്ഥ പ്രശ്നം? നാലു മലകളിലും സമതലഭൂമിയിലുമായിട്ടാണ് മണിപ്പൂരികള്‍ താമസിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ പത്തു ശതമാനം മാത്രമേ സമതലഭൂമിയുള്ളൂ. ബാക്കി 90 ശതമാനം ഭൂമിയും മലനിരകളിലാണ്. ഈ മലനിരകളില്‍ കുക്കി, നാഗ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. ഇത് മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനം വരും. ഇവരില്‍ ഭൂരിപക്ഷവും മ്യാന്മര് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. കേരളത്തില്‍ നിന്ന് അടക്കമുള്ള മിഷണറിമാരുടെ പ്രവര്‍ത്തനം കാരണം ഇവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായി മതം മാറിയിട്ടുമുണ്ട്. മതം മാറാതെ ഹിന്ദുവായി കഴിയുന്ന ഒരു വിഭാഗവും ഇവര്‍ക്കൊപ്പമുണ്ട്. പക്ഷേ, മതവിശ്വാസം മാറിയെങ്കിലും ഗോത്രം എന്ന നിലയില്‍ പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതേപടി തുടരുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും.
സമതലങ്ങളില്‍ താമസിക്കുന്ന 60 ശതമാനം ജനങ്ങള്‍ മണിപ്പൂരിലെ ആദിമ ഗോത്രവിഭാഗങ്ങളാണ്. വൈഷ്ണവികളും മെയ്തി വിഭാഗത്തില്‍പ്പെട്ടവരുമാണ് ഇവരില്‍ ഭൂരിപക്ഷം. മെയ്തികള്‍ ഗ്രാമദേവതയെയാണ് പൂജിക്കുന്നതെങ്കില്‍ വൈഷ്ണവികള്‍ ഗ്രാമദേവതയ്ക്കൊപ്പം മറ്റു ഹിന്ദു ദേവതകളെയും ആരാധിക്കുന്നവരാണ്. കുക്കികള്‍ക്ക് പട്ടികവര്‍ഗ്ഗ സംവരണം ഉള്ളതുകൊണ്ട് സര്‍ക്കാര്‍ സര്‍വ്വീസുകളിലും ഉന്നത പദവികളിലും അവരുടെ ശതമാനം വളരെ കൂടുതലാണ്. സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും ഉന്നത പദവികളില്‍ അതുകൊണ്ടുതന്നെ കുക്കികള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. അതേസമയം, തനത് ഗോത്രവര്‍ഗ്ഗമായ മെയ്തികള്‍ക്ക് സംവരണമില്ലാത്തതും കുക്കികള്‍ നടത്തുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങളും സംഘര്‍ഷത്തിന്റെ വിത്തുകള്‍ ഇട്ടിരുന്നു. ഇതിനിടെ ചന്ദേല്‍, ടെങ്ന്പോല്, ചുരാചന്ദ്പൂര്‍, സേനാപതി എന്നീ നാലു ജില്ലകള്‍ ഗ്രേറ്റര്‍ നാഗാലാന്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന നാഗാ വിഭാഗത്തിന്റെ ആവശ്യം നേരത്തെ തന്നെ സംഘര്‍ഷത്തിനു ഇടവെച്ചതാണ്. ചുരാചന്ദ്പൂരില്‍ മാത്രമാണ് കുക്കികള്‍ ശക്തം. അതിനിടെ കുക്കി ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കുക്കി ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് മറ്റൊരു സംഘര്‍ഷത്തിനാണ് വഴിമരുന്നിട്ടത്. മ്യാന്മറില് നിന്നുള്ള കുടിയേറ്റക്കാരായ കുക്കികള്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായ ശേഷം ഉന്നയിച്ച ഈ ആവശ്യം വിഘടനവാദമാണ് എന്നായിരുന്നു മെയ്തികളുടെയും മറ്റ് മണിപ്പൂരുകാരുടെയും നിലപാട്.
ഈ വര്‍ഷം ആദ്യം മുതല്‍ മലമുകളില്‍ നടത്തിയിരുന്ന പോപ്പി മയക്കുമരുന്ന് കൃഷിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായ നിലപാട് സ്വീകരിച്ചു. മലനിരകളിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ ഈ മയക്കുമരുന്ന് കൃഷി കുക്കികളിലെ ഒരുവിഭാഗം ആയുധക്കടത്തിനും വിഘടനവാദ പ്രവര്‍ത്തനത്തിനും സമാന്തര സായുധ സൈനിക വിഭാഗം സൃഷ്ടിക്കാനും ഉപയോഗിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വന്‍തോതില്‍ ഈ മയക്കുമരുന്ന് കൃഷി നശിപ്പിച്ചത്. മയക്കുമരുന്ന് കൃഷി നശിപ്പിച്ചതിലൂടെയുണ്ടായ വന്‍ വരുമാന നഷ്ടം കുക്കികളെയും നാഗന്മാരെയും പ്രകോപിപ്പിച്ചു.
ഇതിനിടെ തദ്ദേശീയ ഗോത്രവര്‍ഗ്ഗക്കാരായ മണിപ്പൂരി മെയ്തികള്‍ക്കും പട്ടികവര്‍ഗ്ഗ പദവി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കുക്കികളെ പ്രകോപിപ്പിച്ചു. അടുത്തിടെ ഇതുസംബന്ധിച്ച കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യം പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ചു. തങ്ങള്‍ക്ക് മാത്രമായി ലഭിച്ചിരുന്ന സംവരണം മറ്റ് വിഭാഗക്കാര്‍ക്കും ലഭിക്കുന്നത് കുക്കികള്‍ക്കും നാഗാ സംഘടനകള്‍ക്കും ഇഷ്ടമായില്ല. ഇവരും ട്രൈബല്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് സമാധാന ജാഥ എന്ന പേരില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ മണിപ്പൂരികള്‍ എന്നാണ് മെയ്തികളും വൈഷ്ണവികളും വാദിച്ചത്. 1961 ന് മുന്‍പ് സംസ്ഥാനത്ത് കുടിയേറിയവരെയോ ഉണ്ടായിരുന്നവരെയോ മാത്രമേ മണിപ്പൂരി ജനതയായി കണക്കാക്കാന്‍ കഴിയൂ എന്ന പുതിയ ആഭ്യന്തര പെര്‍മിറ്റ് സംവിധാനവും കുക്കികളുടെ എതിര്‍പ്പിന് ഇടയാക്കി. മ്യാന്മറിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് മണിപ്പൂരിലേക്ക് കുടിയേറിയ കുക്കികളെ തദ്ദേശീയ ജനതയായി കണക്കാക്കാനാവില്ല എന്നായിരുന്നു മെയ്തികളുടെ വാദം. അതുകൊണ്ടുതന്നെ 1961 എന്ന കാലപരിധിക്ക് അവര്‍ അനുകൂലവുമായിരുന്നു.
കുക്കികളുടെ മാര്‍ച്ച് ചുരാചന്ദ്പൂര്‍ ജില്ലയില്‍ മെയ് മൂന്നിനാണ് നടന്നത്. അതിന് തൊട്ടുമുന്‍പ് പട്ടികവര്‍ഗ്ഗ പദവി ആവശ്യപ്പെട്ട് മെയ്തികള്‍ ജാഥ നടത്തി. ഇതിനിടെ മെയ് ഒന്നിന് ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഒരു ജിംഖാന കുക്കികള്‍ തീയിട്ട് നശിപ്പിച്ചു. മെയ് മൂന്നിന് നടന്ന സമാധാന ജാഥയില്‍ കുക്കി വിഘടനവാദികള്‍ ആയുധങ്ങളുമായാണ് എത്തിയത്. ചുരാചന്ദ്പൂരിലെ എട്ട് മെയ്തി കോളനികള്‍ കുക്കികള്‍ ആക്രമിച്ചു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മെയ്തികള്‍ കൂട്ടത്തോടെ വിഷ്ണുപൂര്‍ ജില്ലയിലേക്ക് ജീവനും കൊണ്ട് പലായനം ചെയ്തു. മ്യാന്മര് അതിര്‍ത്തിയിലെ മോറയിലും മെയ്തികള്‍ക്കെതിരെ ആക്രമണം നടന്നു. ചുരാചന്ദ്പൂരിലെ സനാമയി ക്ഷേത്രവും മോറയിലെ പുണ്ടോമാങ്ബി ക്ഷേത്രവും കുക്കികള്‍ അക്രമിച്ച് തകര്‍ത്തു. ഇതോടെ, മെയ്തികളും തിരിച്ചടിച്ചു. മലമുകളില്‍ ഉണ്ടായിരുന്ന മെയ്തികളുടെ എല്ലാ ഗ്രാമങ്ങളും കുക്കികള്‍ അക്രമിച്ച് തകര്‍ത്തു. സമതലങ്ങളിലെ കുക്കി ഗ്രാമങ്ങള്‍ക്കെതിരെ മെയ്തികളും തിരിച്ചടിച്ചു. മെയ് മൂന്നുമുതല്‍ എട്ടു വരെയാണ് കലാപം രൂക്ഷമായത്. 60 പേര് മരിക്കുകയും രണ്ടായിരത്തോളം വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.
സംഘര്‍ഷം തുടങ്ങിവെച്ച കുക്കികള്‍ മെയ്തികള്‍ക്കെതിരെ മാത്രമല്ല, മറ്റുള്ളവര്‍ക്കെതിരെയും ആക്രമണം നടത്തി. നേപ്പാളികളുടെ കാബൂര്‍ ലെയ്ക ക്ഷേത്രം ആദ്യദിവസം തീയിട്ടെങ്കിലും പൂര്‍ണ്ണമായും കത്തിനശിച്ചില്ല. അതിനടുത്ത ദിവസം ബുള്‍ഡോസറുമായി എത്തി ക്ഷേത്രം ഇടിച്ചു നിരത്തി തകര്‍ത്തു. ഇത് നേപ്പാള്‍ വംശജരായ ഗൂര്‍ഖകളെയും കുക്കികള്‍ക്ക് എതിരാക്കി. അതിനിടെ മ്യാന്മറില് സര്‍ക്കാര്‍ വിരുദ്ധ പോരാട്ടം നടത്തുന്ന കുക്കികള്‍ മണിപ്പൂരിലെത്തി ആക്രമണം നടത്തിയതായും സൂചനകളുണ്ട്. മലയോരപ്രദേശത്തെ മെയ്തികള്‍ ആക്രമിക്കപ്പെട്ടതിന് പകരം വീട്ടിയത് സമതലങ്ങളിലെ പള്ളികള്‍ തകര്‍ത്താണ്. മ്യാന്മറില് നിന്ന് എത്തുന്ന കുക്കികളാണ് സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു.
ആര്‍എസ്എസ്സിനെയും സംഘപരിവാറിനെയും ഇതുമായി യാതൊരു ബന്ധവും ഇല്ലാഞ്ഞിട്ടും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമാണ്. രണ്ടുമാസം മുന്‍പുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് തന്റെ തല കുനിഞ്ഞുപോയി എന്നാണ് ചലച്ചിത്രനടന്‍ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ നടനെ കാട്ടാക്കടയിലുള്ള ഒരു അദ്ധ്യാപികയോട് മോശമായ രീതിയില്‍ പെരുമാറിയതിന് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിരുന്നു. നഗ്നയായ സ്ത്രീകള്‍ സൈന്യത്തിനു മുന്നില്‍ അക്രമികളെ പ്രതിരോധിക്കാന്‍ ഇറങ്ങുന്നതും സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തുന്നതും മണിപ്പൂരിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ഒരു പുതിയ സമരരീതിയല്ല. അതിന്റെ പേരില്‍ ആര്‍എസ്എസ്സിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ആക്രമിച്ച സംഭവം അപമാനമാണ്. ആ സ്ത്രീകളെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രധാന പ്രതികള്‍ ഹൈറം ഹെറോദസ് മെയ്തി, അബ്ദുള്‍ ഹൈലിം എന്നിവരാണ്. ഇവരില്‍ ഹൈലിം തീവ്ര കമ്യൂണിസ്റ്റ് വിഭാഗമായ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാങ്ലിപാകിന്റെ പ്രവര്‍ത്തകനാണ്.
ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള, മതസ്പര്‍ദ്ധയുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ പിണറായിയുടെയും ശൈലജയുടെയും പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കണ്ടുകൂടാ. അതേസമയം, ബംഗാളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നഗ്നയാക്കി നടത്തിയതും വാളയാറില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചശേഷം കൊന്ന് കെട്ടിത്തൂക്കിയതും കഴക്കൂട്ടത്ത് ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായശേഷം വസ്ത്രമില്ലാതെ ഓടിരക്ഷപ്പെട്ടതും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതും ഒന്നും പിണറായിക്കും ശൈലജക്കും സുരാജ് വെഞ്ഞാറമൂടിനും പ്രശ്നമല്ല. അവര്‍ക്ക് വേണ്ടത് ഒരു ബന്ധവുമില്ലെങ്കിലും ആര്‍എസ്എസിനും നരേന്ദ്രമോദിക്കും എതിരായ ആക്രമണമാണ്. ശ്രമിക്കുന്നത് കേരളത്തില്‍ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: