ടോക്കിയോ: പ്രീസീസണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജപ്പാന് ടീം യോക്കോഹാമാ എഫ് മാറിനോസിനെ തകര്‍ത്തു. 5-3നാണ് സിറ്റിയുടെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുമായി സ്ട്രൈക്കര്‍ എര്‍ലിങ് ഹാളന്‍ഡ് തിളങ്ങി.
സിറ്റിക്കായി ഹാളന്‍ഡ് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ജോണ്‍ സ്റ്റോന്‍സ്, ഹൂലിയന്‍ അല്‍വാരസ്, റോഡ്രി എന്നിവരും സ്കോര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ചരിത്ര വിജയം സ്വന്തമാക്കിയശേഷമുള്ള സിറ്റിയുടെ ആദ്യ കളി കൂടിയായിരുന്നു ഇത്. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് ടൈറ്റിലുകള്‍ ഒരേ സീസണില്‍ നേടുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയാണ് സിറ്റി പോയ സീസണ് അവസാനിപ്പിച്ചത്.
സിറ്റിക്കെതിരെ മാറിനോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നില്കയറിയതാണ്. അതിന് ശേഷമാണ് പ്രീമിയര്‍ ലീഗ് ടീം തിരിച്ചടി തുടങ്ങിയത്.
27-ാം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ വീണത്. സിറ്റിയെ ഞെട്ടിച്ച് മാറിനോസ് ഗോള്‍ നേടി. പത്ത് മിനിറ്റ് ശേഷം ടീം ലീഡ് ഉറപ്പിച്ചു. പക്ഷെ മൂന്ന് മിനിറ്റ് കഴിഞ്ഞ് സിറ്റി തിരിച്ചടിക്ക് തുടക്കമിട്ടു. 40-ാം മിനിറ്റില്‍ ജോണ്‍ സ്റ്റോന്‍സ് ആദ്യ ഗോള്‍ നേടി. രണ്ട് മിനിറ്റ് തികഞ്ഞില്ല അല്‍വാരസിലൂടെ സിറ്റി സമനില ഗോള്‍ കണ്ടെത്തി. കാല്വിന് ഫിലിപ്പ്സിനൊപ്പം അല്‍വാരസ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ വീഴുകയായിരുന്നു. ആദ്യ പകുതി പിരിഞ്ഞ് രണ്ടാം പകുതിയിലാണ് സൂപ്പര്‍ താരം ഹാളന്‍ഡ് ഇറങ്ങിയത്. ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ 52-ാം മിനിറ്റില്‍ ഹാളന്‍ഡ് ഗോളടി തുടങ്ങി. മത്സരത്തില്‍ സിറ്റി ആദ്യമായി ലീഡ് ചെയ്യാനും തുടങ്ങി. പിന്നീട് 72-ാം മിനിറ്റില്‍ റോഡ്രിയുടെ വക ഗോള്‍. സിറ്റി ലീഡ് ഇരട്ടിയായി. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ ഹാളന്‍ഡിന്റെ രണ്ടാം ഗോള്‍. ശുഭം. സിറ്റിയുടെ പ്രീ സീസണ് ടൂറിന്റെ ഭാഗമായി ടോക്കിയോയില്‍ നാളെ ജര്‍മന്‍ ബുന്‍ഡസ് ലിഗ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ വൈകീട്ട് 4.30നാണ് മത്സരം. പിന്നീട് സോളിലേക്ക് യാത്ര തിരിക്കും. അവിടെ സ്പാനിഷ് ലാ ലിഗ ടീം അത്ലറ്റിക്കോ മാഡ്രിഡിനെയാകും നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: