ഇംഫാല്‍: മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നതിന് ഉതകുന്ന പ്രസ്താവനകള്‍ നടത്തിയെന്നതിന്റെ പേരില്‍ മണിപ്പൂര്‍ സ്വദേശിയായ പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂരിലെ ഇംഫാല്‍ ജില്ലാ കോടതി. നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചതോടെ പ്രൊഫ. ഖാന്‍ ഖാം സുവന്‍ ഹോസിങ് കോടതി നടപടികളില്‍ നിന്നും രക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ഇദ്ദേഹം പത്രപ്രവര്‍ത്തകനായ കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാന്‍ ഉതകുന്ന പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് പരാതി. കുക്കി സമുദായക്കാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ പേരില്‍ 153എ (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505(1) (പൊതു കുഴപ്പം സൃഷ്ടിക്കാനുതകുന്ന പ്രസ്താവനകള്‍ നടത്തുക), 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യം), 120ബി (ക്രിമിനല്‍ ഗൂഡാലോചന) എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ഇംഫാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കുക്കികള്‍ക്ക് പ്രത്യേകം ഭരണകൂടം വേണമെന്ന് വരെ ഇദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഈ അഭിമുഖത്തില്‍ മെയ്തെയ് വിഭാഗത്തെ അതിനിശിതമായാണ് ഇദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ആ സമുദായത്തിന് നേരെ പ്രകോപനമുണ്ടാക്കാന്‍ തോന്നിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് പ്രൊഫ. ഖാം ഖാന്‍ നടത്തിയിരിക്കുന്നതെന്ന് ഇംഫാല്‍ കോടതിയില്‍ പ്രൊഫസര്‍ക്കെതിരെ കേസ് നല്‍കിയ പരാതിക്കാരന്‍ പറയുന്നു.
ഇതുപോലെ ദീക്ഷ ദ്വിവേദി എന്ന അഭിഭാഷകയ്‌ക്കെതിരെ രാജ്യദ്രോഹം, യുദ്ധം നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങല്‍ ആരോപിച്ച് മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച അവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. തന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് ഈ പ്രൊഫസര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
ഈ പ്രൊഫസര്‍ ഇന്ത്യക്കാരനല്ലെന്നും ഇദ്ദേഹത്തിന്റെ പേര് പിന്നീട് തെരഞ്ഞെടുപ്പ് പട്ടികയില്‍ ചേര്‍ത്തതാണെന്നും കാണിച്ച് മറ്റൊരു പരാതിയും കൂടി ഖോംഡ്രോം മണികണ്ഠ സിങ്ങ് എന്നൊരാള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
മെയ് മൂന്നിന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം) നടത്തിയ റാലിയാണ് പിന്നീട് കുക്കി, മെയ്തെയ് സമുദായങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. കലാപം അടിച്ചമര്‍ത്താന്‍ അര്‍ധ സൈനിക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: