തിരുവനന്തപുരം: കെ.എസ്. ചിത്രയ്ക്ക് നാളെ കര്‍ക്കടകത്തിലെ ചിത്തിരയില്‍ അറുപതാം പിറന്നാള്‍. 1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന് നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളായാണ് ചിത്രയുടെ ജനനം. അച്ഛന് തന്നെ ആദ്യ ഗുരുവും. ഡോ.കെ. ഓമനക്കുട്ടിയാണ് കര്‍ണാടക സംഗീതത്തില്‍ പാഠം പകര്‍ന്നു തുടങ്ങിയത്. എം.ജി. രാധാകൃഷ്ണന് 1979ല്‍ സംഗീത സംവിധാനം ചെയ്ത ‘അട്ടഹാസ’മെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ ഗാനമാണ് ചിത്രയെന്ന സ്വരമാധുരിയെ മലയാളത്തില്‍ ആദ്യം അവതരിപ്പിച്ചത്. പദ്മരാജന് സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ട’ത്തില്‍ എം.ജി. രാധാകൃഷ്ണന് സംഗീതം നല്കിയ ‘അരികിലോ അകലെയോ’ എന്ന പാട്ടാണ് പക്ഷേ ആദ്യം പുറത്തിറങ്ങിയത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡയിലുമൊക്കെയായി ചിത്ര പിന്നീട് ആസ്വാദകലക്ഷങ്ങള്‍ക്ക് പ്രിയങ്കരിയായി. യേശുദാസുമൊത്ത് പാടിയ ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ എന്ന ഗാനമാണ് ആദ്യ യുഗ്മഗാനം. ഇളയരാജയാണ് ചിത്രയെ ആദ്യമായി തമിഴില്‍ അവതരിപ്പിച്ചത്.
വിജയശങ്കറാണ് ഭര്‍ത്താവ്. ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവര്‍ സഹോദരങ്ങള്‍. ഇതിനകം രണ്ടായിരത്തിലേറെ ഗാനങ്ങള്‍. പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍. ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായിക. പതിനാറ് തവണ കേരളവും ഏഴു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു. 1997 ല്‍ തമിഴകത്തിന്റെ കലൈമാമണി. അറുപതിന്റെ മധുരത്തിലേക്ക് കടക്കുന്ന ഗന്ധര്വഗായികയ്ക്ക് ആശംസകള്‍ നേരുകയാണ് മലയാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: