ലക്നൗ: ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് പരിശോധന തുടങ്ങിയത്. പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയ സ്ഥലം ഒഴിവാക്കിയാണ് പരിശോധന. 30 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. അംഗശുദ്ധി വരുത്തുന്ന ഇടത്ത് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹിന്ദു സംഘടനകള്‍ വെളിപ്പെടുത്തിയത്. കാലഘട്ടം നിര്‍ണയിക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 4ന് പരിശോധനയുടെ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സര്‍വേയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം പറഞ്ഞത്. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ സര്‍വേ വേണമെന്ന് ആവശ്യപ്പെട്ട് വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്. പള്ളിക്ക് കേടുപാടുണ്ടാകുന്നതിനാല്‍ പരിശോധന ഒഴിവാക്കണമെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല. ശിവലിംഗമെന്ന് ഹിന്ദു വിഭാഗം വാദിക്കുന്നത് ജലധാരയുടെ ഭാഗമാണെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം. എന്നാല്‍ ശരിയായ വസ്തുതകള്‍ പുറത്തു വരുന്നതിനായി സര്‍വേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാത്ത രീതിയില്‍ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: